ദേശീയപാത നിർമാണത്തിന്റെ മറവിൽ വയൽനികത്തൽ വ്യാപകം
text_fieldsആറ്റിങ്ങൽ: ദേശീയപാത 66 നിർമാണത്തിന്റെ മറവിൽ ബൈപാസ് മേഖലയിൽ വയൽനികത്തൽ വ്യാപകം.
കിഴുവിലം പഞ്ചായത്ത് പരിധിയിലാണ് സർക്കാർ സംരക്ഷിത പട്ടികയിൽ (േഡറ്റാ ബാങ്ക്) ഉൾപ്പെട്ട നിലങ്ങളും തോടുകളും നികത്തുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള തോടുകളും നീരുറവകളും നികത്തിയവയിൽപെടുന്നു.
കഴക്കൂട്ടം കടമ്പാട്ടുകോണം ആറ്റിങ്ങൽ ബൈപാസ് കടന്നുപോകുന്ന പ്രദേശങ്ങളിലാണ് സ്വകാര്യവ്യക്തികൾ നിലംനികത്തുന്നത്. അതിർത്തി തിരിച്ച് കോൺക്രീറ്റ് ചെയ്ത് പ്ലോട്ടുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. റവന്യൂ വില്ലേജ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം പ്രവൃത്തികൾ നടത്തുന്നതെന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നു.
പഞ്ചായത്തിലെ വാമനപുരം നദിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന കവണശ്ശേരി ഏല, പെരുമാമഠം ഏല തുടങ്ങി ഹെക്ടർ കണക്കിന് നിലങ്ങൾ സ്ഥിതി ചെയ്യുന്നിടങ്ങളിലാണ് നികത്തൽ സജീവം. സർക്കാർ അവധി ദിവസങ്ങളിലും സമീപപ്രദേശങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ മറവിലാണ് ഘട്ടംഘട്ടമായി നികത്തൽ അരങ്ങേറുന്നത്.
വേനൽ കടുത്തതോടെ പഞ്ചായത്തിലെങ്ങും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും പ്രദേശങ്ങളിലെ കിണറുകൾ വറ്റിവരളുകയും ചെയ്തിട്ടുണ്ട്. തോടുകളും നിലങ്ങളും വ്യാപകമായി നികത്തിയതോടെ പ്രദേശങ്ങളിലാകെ കുടിവെള്ളക്ഷാമവും രൂക്ഷമായി. പല തവണ പരാതികൾ നൽകിയിട്ടും അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം പ്രവൃത്തികൾക്ക് പ്രചോദനമാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശവാസികളായ ഒരു സംഘമാളുകൾ റവന്യൂ അധികൃതർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. എന്നാൽ, അവയിൽ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.