പാലോട് ‘സിയാഡിന്’ അന്തര്‍ദേശീയ അംഗീകാരം
text_fieldsപാലോട് : മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാലോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസ് (സിയാഡ്)ന് വീണ്ടും അന്തര്‍ദേശീയ അംഗീകാരം. മൈക്രോ ബയോളജി, മോളിക്യുലാര്‍ ബയോളജി, പാരാസൈറ്റോളജി വിഭാഗങ്ങളാണ് ഐ.എസ്.ഒ17025:2017 അക്രഡിറ്റേഷൻ നേടിയത്. മൃഗങ്ങളിലെ പേവിഷ ബാധ നിര്‍ണയം, ആനകളിലെ ഹെര്‍പിസ് രോഗനിർണയം, മൃഗങ്ങളിലെ വിരബാധ നിര്‍ണയം എന്നിവക്കുള്ള പരിശോധനകളാണ് ഐ.എസ്.ഒ -17025: 2017- വെര്‍ഷനിലുള്ള അംഗീകാരത്തിന് അര്‍ഹമായത്.
പേവിഷബാധ നിര്‍ണയവും ഹെര്‍പിസ് രോഗനിര്‍ണയവും നടത്തുന്നതിന് 2019ല്‍തന്നെ അക്രഡിറ്റേഷന് നേടിയിരുന്നു. ആനകളിലെ ഹെര്‍പിസ് രോഗനിര്‍ണയത്തിനുള്ള ഇന്ത്യയിലെ ഏക അക്രഡിറ്റഡ് ലബോറട്ടറിയാണ് പാലോട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സാമ്പിളുകള്‍ ആനകളിലെ ഹെര്‍പിസ് രോഗനിര്‍ണയത്തിനായി ഇവിടെ എത്തുന്നുണ്ട്.
മനുഷ്യരിലെ പേവിഷ നിര്‍ണയത്തിനായി പലപ്പോഴും ആരോഗ്യ വിഭാഗം സിയാഡിലെ ലാബിനെയാണ് ആശ്രയിക്കുന്നത്.
2022ല്‍ മനുഷ്യരില്‍ വർധിച്ച നിരക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേവിഷബാധ രോഗനിര്‍ണയം നടത്തുന്നതില്‍ ലാബിന്റെ പങ്ക് നിസ്തുലമായിരുന്നു. കേന്ദ്ര സർക്കാർ പേവിഷബാധ നിര്‍ണയത്തിനായി അംഗീകരിക്കപ്പെട്ട സ്റ്റേറ്റ് റഫറല്‍ ലബോറട്ടറി കൂടിയാണ് ഈ സ്ഥാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.