കല്ലാർ-അംബാസമുദ്രം റോഡ് പുനർനിർമാണത്തിന് കാത്തിരിപ്പ് നീളുന്നു
text_fieldsവിതുര: കല്ലാർ-അംബാസമുദ്രം റോഡ് പുനർനിർമിക്കണമെന്ന ആവശ്യത്തോട് സർക്കാറുകൾ മുഖംതിരിക്കുന്നു. അന്തർസംസ്ഥാന പാതയായി പരിഗണിച്ച് കല്ലാർ-അംബാസമുദ്രം-തിരുനെൽവേലി റോഡ് യാഥാർഥ്യമാക്കണമെന്നാണ് നാളുകളായി ഉയരുന്ന ആവശ്യം.
നെടുമങ്ങാട്-പൊന്മുടി റോഡിൽ കല്ലാർപാലം ജങ്ഷനിൽനിന്ന് തുടങ്ങി തിരുനെൽവേലി ജില്ലയിലെ പാപനാശം വരെ എത്തുന്ന 110 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കല്ലാർ-അംബാസമുദ്രം റോഡ്. കല്ലാർനിന്ന് 26 കിലോമീറ്റർ അകലെ സംസ്ഥാന അതിർത്തിയായ പാണ്ടിപ്പത്ത് മുതലുള്ള ഭാഗം തമിഴ്നാടിന്റെ അധീനതയിലാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ഒമ്പത് എസ്റ്റേറ്റുകളെ ബന്ധിപ്പിച്ച് ഈറോഡ് ഗതാഗതത്തിന് ഉപയോഗിച്ചിരുന്നതായി പറയുന്നു. അന്നത്തെ പ്രധാന വ്യാപാര കേന്ദ്രമായ കല്ലാറിലെത്താൻ തോട്ടം തൊഴിലാളികളും മറ്റും ആശ്രയിച്ചിരുന്നത് ഈ റോഡിനെയാണ്. 1956 വരെ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്നു. പിന്നീട് ഗ്രാമീണ റോഡ് പട്ടികയിൽ ഉൾപ്പെടുത്തി കല്ലാർ മുതൽ പാണ്ടിപ്പത്ത് വരെയുള്ള ഭാഗം വിതുര പഞ്ചായത്തിന്റെ അധീനതയിലായി.
1978 വരെ മാത്രമാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടന്നത്. അറ്റകുറ്റപ്പണി ഇല്ലാതായതോടെ കല്ലാർ മുതൽ ബോണക്കാട് വരെ പാത വനത്തിന്റെ ഭാഗമായി മാറി. ബോണക്കാട് മുതൽ പാണ്ടിപ്പത്ത് വരെയുള്ള ഭാഗം പുൽമേടായതിനാൽ കാൽനടയാത്രക്ക് മാത്രം യോഗ്യമാണ്.
എന്നാൽ അംബാസമുന്ദ്രത്തിൽ നിന്നും പാണ്ടിപത്ത് വരെയുള്ള പാത തമിഴ്നാട് സർക്കാർ തെളിച്ചിട്ടുണ്ട്.
പൊന്മുടി, ബോണക്കാട് തോട്ടം മേഖലകളിൽ ഗതാഗതസൗകര്യം മെച്ചപ്പെടുകയും കല്ലാർ ചന്ത നശിക്കുകയും ചെയ്തത്തോടെയാണ് വിതുര പഞ്ചായത്തധികൃതർ റോഡിന്റെ പണി ഉപേക്ഷിച്ചത്. തിരുവിതാംകൂറിനെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പാതയായതിനാൽ ട്രാവൻകൂർ പാസ്വേ എന്ന പേരിലാണ് റോഡ് അറിയപ്പെട്ടിരുന്നത്.
തിരുവിതാംകൂറിന്റെ 1836ലെ സർവേ റിപ്പോർട്ടിൽ കല്ലാർ അംബാസമുദ്രം റോഡിനെക്കുറിച്ച് പരാമർശമുണ്ട്.
കുളത്തൂപ്പുഴ, കല്ലാർ, തിരുനെൽവേലി എന്നിവയെ ബന്ധിപ്പിച്ച് പാത വികസിപ്പിക്കാൻ തീരുമാനമെടുത്തിരുന്നതായി തിരുവിതാംകൂറിന്റെ രേഖകളിൽ കാണാം. റോഡ് പുനർനിർമിക്കുകയാണെങ്കിൽ ഗതാഗതസൗകര്യം വർധിക്കുകയും കിഴക്കൻ മലയോര ടൂറിസം വളർച്ച നേടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വിതുരയിലൂടെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനും സഹായകമാകും. കാനന പാതയായതിനാൽ ഇക്കോ ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.