പണിതിട്ടും പണിതിട്ടും പണി തീരുന്നില്ല; ശാപമോക്ഷം കാത്ത് കമേലശ്വരം-പരവൻകുന്ന് റോഡ്
text_fieldsതിരുവനന്തപുരം: കമലേശ്വരം-പരവൻകുന്ന് റോഡ് നവീകരണങ്ങൾക്കും വെള്ളക്കെട്ട് നിവാരണ നടപടികൾക്കും ഇപ്പോഴും ഒച്ചിഴയും വേഗം. ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച് നിർമാണം ആരംഭിച്ചിട്ട് 11 മാസം പിന്നിടുമ്പോഴും പണികൾ പകുതി മാത്രമാണ് പൂർത്തിയായത്. ഇതുവഴി വാഹനയാത്രയും ജനജീവിതവും ദുരിതത്തിലായി. ഇടക്കിടെ പെയ്യുന്ന ശക്തമായ മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് പ്രദേശത്ത് രൂപപ്പെടുന്നത്.
ഒരുകാലത്തും ഉണ്ടായിട്ടില്ലാത്തവിധം വെള്ളം പൊങ്ങുകയാണ്. ഓടകളുടെ നിർമാണവും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളും റോഡ്പണിക്കൊപ്പം പുരോഗമിക്കുകയാണെങ്കിലും വെള്ളം ഒഴുകിപ്പോകേണ്ട കരിയൽതോട് ഒഴുക്ക് നിലച്ച് കിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കമലേശ്വരം-പരവൻകുന്ന് റോഡ് നവീകരണത്തോടൊപ്പം വെള്ളം ഒഴുകി ആറ്റിലേക്കും മറ്റ് തോടുകളിലേക്കും സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനം കൂടി ഒരുക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. പദ്ധതിയുടെ പ്രഖ്യാപനനാൾമുതൽ ഈ ആവശ്യം നാട്ടുകാർ മുന്നോട്ടുവെച്ചതാണ്.
അധികൃതർ അതിനോട് മുഖംതിരിഞ്ഞത് ഇപ്പോൾ വലിയ വെള്ളക്കെട്ടിനും അതുമായി ബന്ധപ്പെട്ട ദുരിതങ്ങൾക്കും ഇടവരുത്തി. ഒരിക്കലും വെള്ളംകെട്ടാത്ത പല സ്ഥലങ്ങളിലും ഇപ്പോൾ രൂക്ഷത അനുഭവപ്പെടുന്നു. സ്കൂളുകൾ തുറക്കും മുമ്പ് കഴിഞ്ഞ മേയിൽ പണികൾ പൂർത്തിയാക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി അടക്കമുള്ളവർ പ്രഖ്യാപിച്ചത്. ഇപ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട് നിർമാണങ്ങൾ മുഴുവൻ നിർത്തിവെച്ച മട്ടിലാണ്. വകുപ്പുകളുടെ ഏകോപനം ഒരിടത്തും കാണാനില്ല.
ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നത് വല്ലപ്പോഴും മാത്രമാണ്. ഒരു സൂപ്പർവൈസർ ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. റോഡുപണി അനിശ്ചിതമായി നീളുന്നതോടെ സമീപത്തെ പല ബൈറോഡുകളിലേക്കുമുള്ള യാത്രകളും ദുഷ്കരമായി. പറയറ്റുക്കുപ്പം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള രോഗികൾ ചുറ്റിക്കറങ്ങി മറ്റ് റോഡുകളിലൂടെയാണ് എത്തുന്നത്.
സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പോകേണ്ട വിദ്യാർഥികളും വളരെ കഷ്ടപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.