കർക്കടക വാവ്: പാപനാശത്ത് ബലിഘട്ടത്തിൽ ശക്തമായ സുരക്ഷ
text_fieldsവർക്കല: കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണച്ചടങ്ങുകൾക്ക് പാപനാശത്ത് തുടക്കമായി.
വ്യാഴാഴ്ച ഉച്ചക്ക് 11.30ന് അവസാനിക്കും. ബുധനാഴ്ച വൈകീട്ടോടെ പാപനാശം ബലിഘട്ടത്തിലേക്ക് ആളുകൾ എത്തിത്തുടങ്ങി. എന്നാൽ, രാത്രിയോടെയാണ് അൽപമെങ്കിലും തിരക്കനുഭവപ്പെട്ടത്. ഭക്തരുടെ കനത്ത ഒഴുക്ക് വ്യാഴാഴ്ച രാവിലെ മുതൽക്കാകും ഉണ്ടാവുക.
അതുകൊണ്ടുതന്നെ ബലി തർപ്പണത്തിനെത്തുന്നവരുടെ തിരക്ക് അഭൂതപൂർവമായേക്കും. പാപനാശംതീരത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്കു വേണ്ട എല്ലാ സൗകര്യങ്ങളുടെയും അവസാനഘട്ട ഒരുക്കം വി. ജോയി എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി.
ഇത്തവണ ആയിരത്തോളം പൊലീസുകാരും 50 സിവിൽ വളന്റിയേഴ്സും ഡ്യൂട്ടിക്ക് ഉണ്ടാകും. പൊലീസിനെ അഞ്ച് സോണുകളായി വിന്യസിക്കും.
5000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുവേണ്ടി നഗരസഭയുടെയും ദേവസ്വം ബോർഡിന്റെയും സഹായത്തോടെ സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ട്.
പാപനാശം പ്രദേശത്തും ചുറ്റുപാടുമായി 15 സ്ഥലങ്ങളിൽ കുടിവെള്ളം ടാങ്കറിൽ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂനിറ്റുകൾ എക്സൈസിന്റെയും അഗ്നി രക്ഷാസേനയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കടൽക്ഷോഭം രൂക്ഷമായതിനാൽ അഗ്നിരക്ഷാസേനയുടെ സ്കൂബി ടീം കൺട്രോൾ റൂമിനോട് ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ട്.
നിലവിൽ 18 ലൈഫ് ഗാർഡുമാർ ഉള്ളതിനു പുറമേ 22 താൽക്കാലിക ലൈഫ് ഗാർഡുകളെ കൂടി നിയമിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് മൂന്ന് കേന്ദ്രങ്ങളിൽ ആവശ്യമായി സൗകര്യങ്ങൾ ഒരുക്കി. ദേവസ്വം ബോർഡ് പൊലീസുമായി ആലോചിച്ച് ആവശ്യമായ സി.സി ടി.വി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി പുനലൂർ, കുണ്ടറ, ചടയമംഗലം, ചാത്തന്നൂർ ഭാഗങ്ങളിൽനിന്നുകൂടി 500 സ്പെഷൽ സർവിസുകൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.