അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കാട്ടാക്കട സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്
text_fieldsകാട്ടാക്കട: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കാട്ടാക്കട സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വലിയറത്തലയിലെ ഗ്രൗണ്ടും.
നാലു വര്‍ഷം മുമ്പ് ആരംഭിച്ച കാട്ടാക്കട സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഓഫിസ് അസൗകര്യം പരിഹരിക്കാൻ കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ കെട്ടിട സമുച്ചയവും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഡിപ്പോയോട് ചേര്‍ന്ന് കിടക്കുന്ന കെ.എസ്.ആര്.ടി.സിയുടെ ഭൂമിയും ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. വിവിധ സേവനങ്ങള്‍ക്കായി ദിവസവും നൂറുകണക്കിനാളുകളാണ് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ എത്തുന്നത്. കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം കടന്നുപോകുന്ന ഇടുങ്ങിയ റോഡിലെ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ലക്ഷങ്ങള്‍ വാടക നല്കി സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് കെ.എസ്.ആർ.ടി.സി. കെട്ടിടത്തിലേക്ക് മാറ്റിയാല്‍ അതുവഴി കെ.എസ്.ആര്.ടി.സിക്കും വരുമാനം ലഭിക്കും.
കാട്ടാക്കടനിന്നും കിലോമീറ്ററുകള്‍ മാറി വലിയറത്തലയിലാണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്. ഇവിടെ ഉദ്യോഗസ്ഥര്‍ക്കും പരിശീലകര്‍ക്കും, വിദ്യാർഥികള്‍ക്കും എത്തിച്ചേരുന്നതിന് പ്രയാസമാണ്. കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സിക്ക് അഞ്ച് ഏക്കറോളം സ്ഥലവും കെട്ടിട സൗകര്യവുണ്ട്.
ഇത് ഉപയോഗപ്പെടുത്തിയാൽ ചെലവും സമയവും ലാഭിക്കാനുമാകും. കാട്ടാക്കട സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഡിപ്പോ കെട്ടിടവും ചേര്‍ന്നുകിടക്കുന്ന ഭൂമി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനും ബാക്കിയുള്ള ഭൂമി പാര്‍ക്കിങ് സംവിധാനം ഒരുക്കുന്നതിനുംവേണ്ടി ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.