വായനാ വസന്തത്തിന് തിരിതെളിഞ്ഞു; നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം
text_fieldsതിരുവനന്തപുരം: നിയമസഭ പുസ്തകോത്സവ ഭാഗമായി തലസ്ഥാന നഗരം ചുറ്റാന്‍ വിദ്യാർഥികള്‍ക്ക് അവസരമൊരുക്കുന്ന സൗജന്യ സിറ്റി റൈഡിന്റെ ഫ്ലാഗ് ഓഫും സ്റ്റുഡന്റ്സ് കോര്ണറിന്റെ ഉദ്ഘാടനവും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. മൂന്നാം പതിപ്പിന്റെ പ്രത്യേക ആകര്‍ഷണമായി തയാറാക്കിയ സ്റ്റുഡന്റ്സ് കോര്‍ണറില്‍ മനുഷ്യ ജീവിതത്തില്‍ പുസ്തകത്തിന്റെ പ്രാധാന്യവും തന്റെ ജീവിതത്തിലെ പുസ്തകങ്ങളുടെ സ്വാധീനവും മന്ത്രി കുട്ടികളോട് പങ്കുവെച്ചു.
പുസ്തകോത്സവ ഗാനരചയിതാവായ മുരളി കൃഷ്ണയെ ആദരിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ സംസാരിച്ചു.
വിദ്യാർഥികള്‍ രചിച്ച പുസ്തകങ്ങള്‍ ഈ വേദിയില്‍ പ്രകാശനം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് സറ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ട്.
സാഹിത്യം നുണയാം, വനസുന്ദരിയും കഴിക്കാം
തിരുവനന്തപുരം: കഥകളും കവിതകളും ചർച്ചകളും മാത്രമല്ല നിയമസഭ പുസ്തകോത്സവത്തിലെ വിഭവങ്ങൾ. അട്ടപ്പാടി ചുരമിറങ്ങി വന്ന വനസുന്ദരിയും പാലക്കാടിന്റെ പൈതൃകമായ രാമശ്ശേരി ഇഡലിയും ഇടുക്കിയിലെ മലനിരകളിൽനിന്നുള്ള പിടിയും കോഴിയുമടങ്ങുന്ന വൈവിധ്യങ്ങളുമുണ്ട്.
പുസ്തകോത്സവത്തിന്റെ ഫുഡ് കോർട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. 13 സ്റ്റാളുകളാണ് ഫുഡ് കോർട്ടിലുള്ളത്. എട്ടെണ്ണം കുടുംബശ്രീയുടേത്. ബാക്കിയുള്ളവ വിവിധ ഗ്രൂപ്പുകളുടെതും മിൽമയുടെതും. പല ജില്ലകളുടെയും രുചിഭേദങ്ങൾ ഇവിടെയുണ്ട്.
ഭക്ഷ്യ നിര്‍മാണ വിതരണ രംഗത്തുള്ള വനിതാ സംരംഭക യൂനിറ്റുകളെ പ്രോത്സാഹിപ്പിക്കാനായി കുടുംബശ്രീ സ്റ്റേറ്റ് മിഷന് ആരംഭിച്ച അദേബാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് ഫുഡ്കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്.
സ്റ്റാളുകൾ തുറന്നു
തിരുവനന്തപുരം: പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭ പരിസരത്ത് സജ്ജമാക്കിയ 250ൽ അധികം സ്റ്റാളുകളുടെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, വി.കെ. പ്രശാന്ത് എം.എൽ.എ, നിയമസഭ സെക്രട്ടറി ഡോ. എന്‍. കൃഷ്ണ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 166 ദേശീയ അന്തര്‍ദേശീയ പ്രസാധകര് പങ്കെടുക്കുന്നുണ്ട്. സ്റ്റാളുകളില്‍നിന്ന് വാങ്ങുന്ന 100 രൂപയില്‍ കുറയാത്ത പര്‍ച്ചേസിന് സമ്മാന കൂപ്പണ്‍ നല്‍കും.ദിവസവും നറുക്കിട്ട് 20 വിജയികള്‍ക്ക് 500 രൂപയുടെ പുസ്തക കൂപ്പണ്‍ നല്‍കും.
ജനനന്മക്കായി എഴുത്തുകാർ ഒന്നിച്ചുനിൽക്കണം -എം. മുകുന്ദൻ
തിരുവനന്തപുരം: ജനനന്മക്കായി എഴുത്തുകാരും സർക്കാറും തോളോടുതോൾ ചേർന്ന് നിൽക്കേണ്ടതുണ്ടെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നിയമസഭ പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എഴുത്തുകാർ സർക്കാറുമായും പ്രതിപക്ഷവുമായും തോളോടുതോൾ ചേർന്ന് നിൽക്കണം. താൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്തപ്പോൾ ചെറിയ വിമർശനങ്ങളുണ്ടായി. ഫാക്ടറി മുതലാളിമാരോ കച്ചവടക്കാരോ അല്ല സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് വരേണ്ടത്, എഴുത്തുകാരാണ്. വലിയൊരു കേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുമായും സർക്കാറുമായും യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മാധ്യമം’ ബുക്സ് സ്റ്റാൾ തുറന്നു
തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ ‘മാധ്യമം’ ബുക്സ് സ്റ്റാൾ തുറന്നു. സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സർക്കുലേഷൻ മാനേജർ ടി.ടി. അബ്ദുൽ നാസർ, എഴുത്തുകാരി ഡോ. ഗ്ലോറി മാത്യു കഞ്ഞിക്കര, സലീം ഞാറയിൽകോണം, ജസീർ പറക്കുളം എന്നിവർ സംബന്ധിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് വേദി നാലിൽ ‘മാധ്യമം’ ബുക്സിന്റെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. പുസ്തകോത്സവ നഗരിയിലെ എ-222 നമ്പർ സ്റ്റാളിൽ മാധ്യമം ബുക്സിന്റെ പുസ്തകങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.