വേദികളിൽനിന്ന് വേദികളിലേക്ക് സൗജന്യ യാത്രയൊരുക്കി ഇലക്ട്രിക് ബസ്
text_fieldsതിരുവനന്തപുരം: കേരളീയം കാണാൻ തലസ്ഥാനത്തെത്തുന്ന സന്ദർശകർക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗത കമ്മിറ്റി. കവടിയാർമുതൽ കിഴക്കേകോട്ടവരെയുള്ള പ്രധാനവേദികൾ ഉൾപ്പെടുന്ന മേഖലയിൽ വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളിലാണ് സൗജന്യയാത്ര ഒരുക്കിയത്. ഇതിനായി 20 ബസുകൾ കെ.എസ്.ആർ.ടി.സിയിൽനിന്ന് ലഭ്യമാക്കി. ആദ്യ രണ്ടുദിവസങ്ങളിലായി വിവിധ വേദികളിലെത്തിയ 6500 ഓളംപേർക്ക് യാത്രയൊരുക്കാൻ സാധിച്ചതായി ഗതാഗത കമ്മിറ്റി അറിയിച്ചു.
നവംബർ ഒന്നിന് കിഴക്കേകോട്ട മുതൽ കവടിയാർവരെ 10 ബസുകൾ 36 സർവിസുകളും കവടിയാർമുതൽ കിഴക്കേകോട്ടവരെ 10 ബസുകൾ 25 സർവിസും നടത്തി. രണ്ടാം ദിവസം തിരക്ക് കണക്കിലെടുത്ത് അഞ്ച് ബസുകൾകൂടി അനുവദിച്ചു. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സർവിസ് അനുവദിക്കുമെന്നും ഗതാഗത കമ്മിറ്റി അറിയിച്ചു.
കേരളീയത്തിന്റെ വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ സംബന്ധിച്ച അറിയിപ്പ് ബസിനുള്ളിലെ ടി.വിയിൽ പ്രദർശിപ്പിക്കും. വിവിധ വേദികളിലേക്കെത്താൻ എവിടെ ഇറങ്ങണം എന്നത് സംബന്ധിച്ച റൂട്ട് മാപ്പും ബസിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഓരോ ബസിലും ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളീയവുമായി ബന്ധപ്പെട്ട ഭക്ഷണ, വളണ്ടിയർ, ട്രേഡ് ഫെയർ കമ്മിറ്റികൾക്ക് ആവശ്യമായ ബസുകളും ഗതാഗത കമ്മിറ്റിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.