ആർദ്ര കേരളം പുരസ്ക്കാര നിറവിൽ കിളിമാനൂർ പഞ്ചായത്ത്
text_fieldsകിളിമാനൂർ: ആരോഗ്യവകുപ്പിന്റെ ജില്ലതല ആർദ്രകേരളം പുരസ്കാരത്തിൽ കിളിമാനൂർ പഞ്ചായത്തിന് ഒന്നാം സ്ഥാനം. ആർദ്രകേരള പുരസ്കാരം കിളിമാനൂർ പഞ്ചായത്തിനെ തേടിയെത്തുന്നത് ഇതു നാലാംവട്ടം. പഞ്ചായത്തിലെ മുളയ്ക്കലത്തുകാവ് പി.എച്ച്.സിയിൽ പഞ്ചായത്ത് നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങളും മറ്റും പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
അഞ്ചു ലക്ഷം രൂപയാണ് അവാർഡ് തുകയായി ലഭിക്കുക. 2017-18ൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. 2013-14ൽ ജില്ലതലത്തിൽ ഒന്നാംസ്ഥാനം നേടിയ പഞ്ചായത്തിന് തൊട്ടടുത്ത വർഷം സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു. പഞ്ചായത്തിലെ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യത്തിൽ പ്രവർത്തിക്കുന്ന കനിവ് പാലിയേറ്റിവ് കെയർ പദ്ധതിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച പാലിയേറ്റിവ് നഴ്സിനുള്ള പുരസ്കാരവും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. മൂന്ന് ഡോക്ടർമാരുടെ സേവനം, ലാബ് പരിശോധന സൗകര്യങ്ങൾ, ജീവിതശൈലീ രോഗബാധിതർക്ക് ആഴ്ചതോറും പരിശോധനയും ഒപ്പം പ്രഭാതഭക്ഷണ സൗകര്യവും മരുന്നുവിതരണം എന്നിവയും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
112 പാലിയേറ്റിവ് രോഗികളാണ് പഞ്ചായത്തിൽ നിലവിലുള്ളത്. ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് മികച്ച സൗകര്യങ്ങൾ ഒരുക്കിനൽകുന്നതായും പ്രതിവർഷം 34 ലക്ഷം രൂപ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി ചെലവിടുന്നതായും പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ മനോജും ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കൊട്ടറ മോഹൻകുമാറും ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.