എയർ-റെയിൽ 24 മണിക്കൂർ ബസ് സർവിസുമായി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് 24 മണിക്കൂറും സിറ്റി സർവിസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി. എയർ റെയിൽ സിറ്റി സർക്കുലർ എന്നപേരിലാണ് സർവിസ്.
തിരുവനന്തപുരത്തെ രണ്ട് വിമാനത്താവളങ്ങളായ ആഭ്യന്തരം, അന്താരാഷ്ട്ര ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽനിന്നും സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും തിരിച്ചും എത്തിക്കുന്നതരത്തിലാണ് എയർ റെയിൽ സർക്കുലർ സർവിസ് ക്രമീകരിക്കുന്നത്.ആദ്യഘട്ടത്തിൽ ഓരോ ബസ് വീതം ഓരോ മണിക്കൂറിൽ ഈ രണ്ട് ടെർമിനലുകളിൽ എത്തുന്ന വിധമാണ് യാത്ര.
ക്ലോക്ക് വൈസായി സർവിസ് നടത്തുന്ന സർക്കുലർ ബസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ച് പൊന്നറ ശ്രീധർ പാർക്ക് ചുറ്റി, സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ വന്ന് യാത്രക്കാരെ കയറ്റി ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട്, മുക്കോലയ്ക്കൽ, വലിയതുറ ആഭ്യന്തര ടെർമിനൽ, ശംഖുംമുഖം, ഓൾ സെയിൻറ്സ് കോളജ്, ചാക്ക, അന്താരാഷ്ട്ര ടെർമിനൽ, ചാക്ക ജങ്ഷൻ, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, കേരള യൂനിവേഴ്സിറ്റി, പാളയം, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴി തമ്പാനൂരിൽ യാത്ര അവസാനിപ്പിക്കും. അന്താരാഷ്ട്ര ടെർമിനലിൽ ആദ്യം പോകേണ്ടവർക്ക് ആൻറി ക്ലോക്ക് വൈസായി ഓടുന്ന സർക്കുലർ ബസിൽ യാത്രചെയ്യാം.
തമ്പാനൂർ, ഓവർ ബ്രിഡ്ജ്, പാളയം, അയ്യൻകാളി ഹാൾ, കേരള യൂനിവേഴ്സിറ്റി, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, അന്താരാഷ്ട്ര വിമാനത്താവളം, ഓൾ സെയിന്റസ്, ശംഖുംമുഖം, വലിയതുറ ആഭ്യന്തര ടെർമിനൽ, മുക്കോലക്കൽ, മണക്കാട് വഴി തിരിച്ചും പോകുന്ന രീതിയിലാണ് ഈ സർവിസ്. അടുത്തയാഴ്ച ഈ സർവിസുകളുടെ ട്രയൽ റൺ ആരംഭിക്കും. ക്ലോക്ക് വൈസ്, ആന്റി ക്ലോക്ക് വൈസുകളിൽ പുതിയ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ട്രയൽ റൺ നടത്തിയശേഷമായിരിക്കും റൂട്ട് അന്തിമമാക്കുന്നത്.
ഈ സർവിസുകളിലേക്കായി പുതിയതായി വന്ന രണ്ട് ഇലക്ട്രിക് ബസുകളായിരിക്കും ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. ശേഷം സമയക്രമം അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ ഉപയോഗിക്കും. വിമാനങ്ങളുടെയും ട്രെയിനിന്റെയും സമയക്രമം അനുസരിച്ച് 24 മണിക്കൂറുമുള്ള ഷെഡ്യൂൽ തയാറാക്കും. രാത്രിയിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ കൂടുതൽ എത്തുന്നതിനാൽ രാത്രി സർവിസുകൾ അവിടേക്ക് മാത്രമാകും. ഈ ബസുകളിൽതന്നെ ദീർഘദൂര ബസ് സർവിസുകളിലേക്കുള്ള ടിക്കറ്റുകൾ എടുക്കാനും സൗകര്യം ഉണ്ടായിരിക്കും. ലഗേജ് സൗകര്യം ഉൾപ്പെടെ 20 മുതൽ 50 രൂപവരെയുള്ള ടിക്കറ്റുകളായിരിക്കും ഈ ബസുകളിൽ നൽകുക. എന്നാൽ, ആരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ലഗേജ് ചാർജ് സൗജന്യവും ടിക്കറ്റിൽ 10 ശതമാനം നിരക്ക് ഇളവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.