പ്രതിഷേധങ്ങൾക്കിടെ റോഡുകൾക്കായി സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നു
text_fieldsനെടുമങ്ങാട്: പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ വിഴിഞ്ഞം-നാവായിക്കുളം ഒൗട്ടർ റിങ് റോഡിന്റെയും തേക്കട-മംഗലപുരം ലിങ്ക് റോഡിന്റെയും ഇതിനിടയിലെ ലോജിസ്റ്റിക് ഹബുകളുടെയും സ് ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി സർക്കാർ. വിഴിഞ്ഞം-തേക്കട 65 കി.മീറ്റർ റോഡിന്റേയും തേക്കട-മംഗലപുരം 14 കി.മീറ്റർ റോഡിേൻറയും സ്ഥലമേറ്റെടുക്കുന്നതിനുള്ള കല്ലിടൽ ജോലികളാണ് വേഗത്തിലാക്കിയത്. ഭോപ്പാൽ ആസ്ഥാനമായ ഹൈവേ എൻജിനീയറിങ് കൺസൽട്ടൻസിയാണ് കല്ലിടൽ ജോലികൾ നടത്തുന്നത്. രണ്ട് മാസം കൊണ്ട് 36 വില്ലേജുകളിലെയും കല്ലിടൽ പൂർത്തിയാക്കാനാണ് കരാർ നൽകിയിട്ടുള്ളത്.
വിഴിഞ്ഞം മുതൽ 18 കി.മീറ്റർ കല്ലിടൽ ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. വിഴിഞ്ഞം, കോട്ടുകാൽ, വെങ്ങാനൂർ, പള്ളിച്ചൽ, ബാലരാമപുരം വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയാക്കിയത്. നെടുമങ്ങാട്, തേക്കട വില്ലേജുകളിലെ കല്ലിടൽ രണ്ടുദിവസം മുമ്പ് ആരംഭിച്ചു. പൂവത്തൂർ ഹയർ സെക്കൻഡറി സ്ക്കൂളിനു പുറകിൽ നിന്നാരംഭിച്ച കല്ലിടൽ ചിറമുക്കിലെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് കലക്ടർ സ്ഥലം സന്ദർശിച്ചശേഷം പുനരാരംഭിക്കാൻ തീരുമാനിച്ച് നിർത്തിവെച്ചു. എന്നാൽ, തേക്കടയിൽ റോഡിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന ഹബ്ബിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കാൻ അളവുകൾ തുടരുകയാണ്. ചിറമുക്ക് കൊപ്പത്തിൻമൂലയിൽ നിന്നാരംഭിച്ച് തേക്കട, കന്യാകുളങ്ങര തുടങ്ങിയ പ്രദേശങ്ങൾ ചുറ്റി വലിയൊരു ഏരിയ ഹബ്ബിനായി ഏറ്റെടുക്കും.
ചിറമുക്ക്, തേക്കട, വെമ്പായം, പോത്തൻകോട്, അണ്ടൂർക്കോണം പ്രദേശങ്ങളിലാണ് ആക്ഷൻ കൗൺസിലുകൾ രൂപവത്കരിച്ച് സ്ഥലമെടുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളത്. േറാഡ് കടന്നുപോകുന്നതിൽ ഏറ്റവും കൂടുതൽ ജനബാഹുല്യമുള്ള പ്രദേശങ്ങളും ഇവയാണ്. ഇൗ പ്രദേശങ്ങളിൽ ഇതിനകം നിരവധി സമരപരിപാടികളും പ്രതിഷേധ കൂട്ടായ്മകളും ചേർന്നുകഴിഞ്ഞു. റോഡിന്റെ രൂപ രേഖ പുറത്തുവരാത്തതിനാൽ റോഡ് കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഏകദേശ ധാരണ മാത്രമേ ജനങ്ങൾക്കുള്ളൂ. അതിനാൽ ഒഴിപ്പിക്കേണ്ട ജനവാസ മേഖലകളും വീടുകളും എത്ര വരുമെന്ന് പൂർണരൂപം ലഭിച്ചിട്ടില്ല. കല്ലിടൽ പൂർത്തിയായാൽ മാത്രമേ ഇതെക്കുറിച്ച് അറിയാൻ കഴിയൂ. സ്ഥലമേറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ബ്ലോക്ക് വസ്തുവിന്റെ ബ്ലോക്ക് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വെച്ചാണ് സ്ഥലം നഷ്ടപ്പെടുന്നവർക്ക് ഏകദേശ രൂപം കിട്ടിയത്. തേക്കട-മംഗലപുരം റോഡിന്റെ അലൈൻമെൻറ് സ്കെച്ച് വിവരാവകാശപ്രകാരം ആവശ്യപ്പെട്ടിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ വിളിച്ച ഹിയറിങ്ങിൽ സ്ഥലമുടമകൾ ഡെപ്യൂട്ടി കലക്ടറെ ഉപരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.