നിയമസഭ പുസ്തകോത്സവം ബുധനാഴ്ച മുതൽ; മുന്നൂറിലധികം പരിപാടികൾ
text_fieldsതിരുവനന്തപുരം: ബുധനാഴ്ച തുടങ്ങുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ ഭാഗമായി മുന്നൂറിലധികം പരിപാടികൾ അരങ്ങേറും. ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സമഗ്ര സംഭാവനക്കുള്ള ‘നിയമസഭാ അവാർഡ്’ ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവൻ നായർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. 240 പുസ്തക പ്രകാശനം, 30 പുസ്തക ചർച്ച, മന്ത്രിമാരും സാഹിത്യ-സാമൂഹിക-സാംസ്കാരിക നായകന്മാരുമുൾപ്പെടെ പങ്കെടുക്കുന്ന പാനൽ ചർച്ച, ദേശീയ- അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുള്ള ‘മീറ്റ് ദി ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയ പരിപാടികളുണ്ടാവും. കെ.എൽ.ഐ.ബി.എഫ് ടോക്സ്, സ്മൃതിസന്ധ്യ, കവിയരങ്ങ്, കവിയും ജീവിതവും, കെ.എൽ.ഐ.ബി.എഫ് ഡയലോഗ്സ്, അക്ഷരശ്ലോക സദസ്സ് തുടങ്ങിയവയും നടക്കും.
ബുധനാഴ്ച വൈകീട്ട് ആറിന് കെ.എൽ.ഐ.ബി.എഫ് ടോക്കിൽ നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി വിശിഷ്ട സാന്നിധ്യമാകും. മൂന്നിന് പെരുമാൾ മുരുകൻ പങ്കെടുക്കും. ഷബ്നം ഹശ്മി, ശശി തരൂർ, സന്തോഷ് ജോർജ് കുളങ്ങര, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ, പ്രഭാവർമ, പ്രഫ. വി. മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിത നായർ, കെ.ആർ. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ, പറക്കാല പ്രഭാകർ, സുനിൽ പി. ഇളയിടം, പി.എഫ്. മാത്യൂസ്, മധുപാൽ, ഡോ. മനു ബാലിഗർ, ആഷാ മേനോൻ, എൻ.ഇ. സുധീർ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണൻ തുടങ്ങി 125-ഓളം പ്രമുഖർ സാഹിത്യ സദസ്സുകളുടെ ഭാഗാമാകും. നിരവധി സാംസ്കാരിക പരിപാടികളും നടക്കും. നവംബർ ഒന്നിന് നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, സാങ്കേതിക സർവകലാശാല, ബിസ്മില്ല കോൽക്കളി സംഘം എന്നിവരുടെ നേതൃത്വത്തിൽ സംഘനൃത്തം, തിരുവാതിര, കോൽക്കളി എന്നിവ അരങ്ങേറും.
രണ്ടിന് വിദ്യാധിരാജ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ്. മൂന്നിന് കേരള സർവകലാശാല വിദ്യാർഥികൾ അവതരിപ്പിക്കുന്ന വയലിൻ-സോളോ, സംഘനൃത്തം, തിരുവാതിര, മാർഗംകളി, സോളോ ഡാൻസ്. അഞ്ചിന് കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, മൈം എന്നിവയും മലയാളം സർവകലാശാല വിദ്യാർഥികളുടെ കവിതയുടെ 'സംഗീതാവിഷ്കാര'വും നടക്കും. ആറിന് നിയമസഭാ സാമാജികരുടെയും ജീവനക്കാരുടെയും വിവിധ പരിപാടികൾ. വൈകീട്ട് 6.30 മുതൽ 8.30 വരെയാണ് സാംസ്കാരിക പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.