സർദാർ സ്വരൺ സിങ് സമ്മാനിച്ച രാമചന്ദ്രൻ
text_fieldsതിരുവനന്തപുരം: ഇന്ത്യൻ വിദേശകാര്യമന്ത്രിയായിരുന്ന സർദാർ സ്വരൺ സിങ് മലയാളികൾക്ക് നൽകിയ വിലമതിക്കാനാവാത്ത സമ്മാനമാണ് എം. രാമചന്ദ്രൻ. വാർത്താവതാരകനാവുകയെന്ന മോഹം അതിയായി കൊണ്ടുനടന്ന എം. രാമചന്ദ്രൻ പലതവണ ആകാശവാണിയിൽ അഭിമുഖത്തിനെത്തിയിട്ടും ജോലി കിട്ടിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് 1965ൽ അനൗൺസർമാരെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ നടന്നത്. അന്നത്തെ ഡയറക്ടർ ചോദിച്ചു 'ആരാണ് വിദേശകാര്യ മന്ത്രി'. രാമചന്ദ്രൻ ഉത്തരം പറഞ്ഞു 'സർദാർ സ്വരൺ സിങ്ങ്'. ഇപ്പോൾ അദ്ദേഹം എന്തു ചെയ്യുകയായിരിക്കും? അടുത്ത ചോദ്യം. കുറച്ചുനേരം ഒന്ന് പരിഭ്രമിച്ചെങ്കിലും ഉത്തരം നൽകി 'സ്വരൺ സിങ്ങ് ഇപ്പോൾ ലണ്ടനിലാണ്. വിൻസന്റ് ചർച്ചിലിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുകയാണ്'. 'ഗുഡ്' എന്ന വാക്കിനൊപ്പം എം. രാമചന്ദ്രന് തന്റെ ചിരകാല അഭിലാഷം സാധ്യമായപ്പോൾ മലയാളികൾക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച വാർത്തഅവതാരകനെയാണ്.
വാര്‍ത്തവായനയില്‍ പുതിയ ശൈലി കൊണ്ടുവന്നതിന്റെ ബഹുമതി രാമചന്ദ്രന് അവകാശപ്പെട്ടതാണ്. 'ആകാശവാണി... തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോഴിക്കോട്... വാർത്തകൾ വായിക്കുന്നത്..' എന്ന് പറയുമ്പോൾ തന്നെ 'രാമചന്ദ്രൻ' എന്ന് മലയാളികൾ കൂട്ടിച്ചേർക്കുന്ന തരത്തിലേക്ക് വാർത്തവായനയെ അദ്ദേഹം ജനകീയമാക്കി. ഇന്ദിരഗാന്ധി വെടിയേറ്റു മരിച്ച വാർത്ത മലയാളികൾ അറിഞ്ഞത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയായിരുന്നു. വാര്‍ത്താ ബുള്ളറ്റിനുകള്ക്കുപുറമേ, ലോകമെമ്പാടുമുള്ള കൗതുകകരമായ വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള കൗതുക വാര്‍ത്തകളും അദ്ദേഹം ശ്രോതാക്കളിലേക്ക് എത്തിച്ചു.
1980 കളിലും 90 കളിലും ഏറ്റവും ജനപ്രിയമായ ശബ്ദങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. മിമിക്രി കലാകാരന്മാർ പോലും ആ ശബ്ദം വേദികളിൽ അനുകരിച്ചു. ആകാശവാണിയുടെ ഡല്‍ഹി യൂനിറ്റിലാണ് റേഡിയോ ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് പുതുതായി ആരംഭിച്ച യൂനിറ്റിലേക്ക് മാറ്റി. അവിടെ മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം തിരുവനന്തപുരം നിലയത്തില്‍ ചേര്‍ന്നു. ആകാശവാണിയില്‍ നിന്ന് വിരമിച്ച ശേഷം മിഡില്‍ ഈസ്റ്റിലെ ചില എഫ്.എം സ്റ്റേഷനുകളില്‍ ജോലി ചെയ്തു.
വിരമിക്കൽ വിവരം ലോകത്തെ അറിയിച്ച ‘മാധ്യമം’
എം. രാമചന്ദ്രൻ ആകാശവാണിയിൽ നിന്ന് വിരമിക്കുന്നു എന്ന വിവരം ലോകത്തെ അറിയിച്ചത് ‘മാധ്യമ’മായിരുന്നു. അന്നത്തെ റിപ്പോർട്ടറായിരുന്ന രാജ്മോഹനാണ് ബ്യൂറോ ചീഫ് വയലാർ ഗോപകുമാറിന്റെ നിർദേശാനുസരം റിട്ടയറാകാൻ പോകുന്ന വാർത്താപ്രക്ഷേപകനെ അഭിമുഖം ചെയ്യാനായി എത്തിയത്. താൻ വിരമിക്കുന്ന വിഷയം ഓർത്തുെവച്ചത് തെല്ലൊരു അമ്പരപ്പോടെയാണ് അദ്ദേഹം കേട്ടത്. 1993 ജൂലൈ 29ന്റെ മാധ്യമം പുറത്തിറങ്ങിയത് 'രാമചന്ദ്രൻ ഇനി വായിക്കുന്നില്ല' എന്ന തലക്കെട്ടോടെയായിരുന്നു. ആ വിവരമറിഞ്ഞ് മറ്റ് പത്രങ്ങൾ പരിഭവം പറഞ്ഞ വിഷയവും അദ്ദേഹം തന്റെ പുസ്തകത്തിൽ പങ്കുവച്ചിട്ടുണ്ട്. മാധ്യമത്തിൽ വന്ന വാർത്ത കണ്ടാണ് മിഡില്‍ ഈസ്റ്റിലെ എഫ്.എം സ്റ്റേഷനുകളിൽനിന്ന് അവസരം വന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.