വള്ളങ്ങൾ നിരത്തിലിറക്കി, റോഡിൽ വലയെറിഞ്ഞു; നീതിനിഷേധത്തിനെതിരെ തീരജീവിതങ്ങളുടെ കൂറ്റൻ പ്രതിഷേധം
text_fieldsതിരുവനന്തപുരം: തീരദേശ ജനതയോടുള്ള നീതിനിഷേധത്തിനെതിരെ വള്ളങ്ങൾ നിരത്തിലിറക്കിയും റോഡിൽ വലയെറിഞ്ഞും സർക്കാറിന് മുന്നറിയിപ്പുമായി മത്സ്യത്തൊഴിലാളികളുടെ കൂറ്റൻ പ്രതിഷേധം.
ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വള്ളങ്ങളുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്യാനെത്തിയ തൊഴിലാളികളെ പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥക്കിടയാക്കി.
വള്ളങ്ങളുമായി നഗരത്തിലേക്ക് കടക്കാനാവില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ വിവിധയിടങ്ങളിൽ റോഡിൽ കുത്തിയിരുന്നും ഉപരോധിച്ചും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത് നഗരം സ്തംഭിപ്പിച്ചു. ചിലയിടങ്ങളിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പേട്ടയിലും വിഴിഞ്ഞത്തും പൂന്തുറയിലുമടക്കം വിവിധയിടങ്ങളിലാണ് വാഹനങ്ങളിൽ ബോട്ടുകള്‍ കൊണ്ടുവരുന്നത് പൊലീസ് തടഞ്ഞത്.
നഗരത്തിലേക്ക് ബോട്ടുമായി പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തും പൂന്തുറയിലും പൊലീസ് ആദ്യം തടഞ്ഞു. ഇവിടങ്ങളിൽനിന്ന് കടത്തിവിട്ട മത്സ്യബന്ധന യാനങ്ങൾ വഹിച്ചുള്ള വാഹനങ്ങൾ ജനറല്‍ ആശുപത്രിക്കു മുന്നിൽ വീണ്ടും തടഞ്ഞു. ഇതോടെയാണ് പ്രതിഷേധം തെരുവിൽ കനത്തത്. സമരത്തിൽനിന്ന് പിറകോട്ട് പോകില്ലെന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചു. ബോട്ടുമായുള്ള സമരത്തിന് അനുമതിയില്ലെന്നായിരുന്നു പൊലീസ് വിശദീകരണം.
അതേസമയം, പൊലീസ് നടപടിക്കെതിരെ മ്യൂസിയം ജങ്ഷനിലടക്കം മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. വാഹനങ്ങളൊന്നും കടത്തിവിടാതായതോടെ ഗതാഗതം സ്തംഭിച്ചു.
പൊലീസ് തടഞ്ഞുവെച്ച പ്രതിഷേധക്കാരെ വിട്ടയക്കാതെ മാര്‍ച്ച് ആരംഭിക്കില്ലെന്നായിരുന്നു ഭാരവാഹികളുടെ നിലപാട്. വലിയ സംഘർഷത്തിലേക്ക് വഴിമാറുമെന്ന് കണ്ട് ബോട്ട് കൊണ്ടുപോകാൻ പൊലീസ് അനുമതി നൽകി. രാവിലെ 11ന് മ്യൂസിയം ജങ്ഷനില്‍നിന്ന് തുടങ്ങേണ്ടിയിരുന്ന പ്രതിഷേധ മാര്‍ച്ച് ആരംഭിക്കാന്‍ ഒന്നര മണിക്കൂറോളം വൈകി. തടഞ്ഞുവെച്ച വാഹനങ്ങളെല്ലാം വിട്ടയച്ച ശേഷം ഉച്ചക്ക് 12.30 ഓടെയാണ് മ്യൂസിയം ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിച്ചത്.
എമരിറ്റസ് ആര്‍ച് ബിഷപ് ഡോ. എം.സൂസപാക്യം, ലത്തീന്‍ തിരുവനന്തപുരം അതിരൂപത ആര്‍ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.