സ്പിന്നിങ്മിൽ വളപ്പിലെ കൃഷി സഹകരണമേഖലക്ക് മാതൃക -എം.എ. ബേബി
text_fieldsനേമം: ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ് മിൽ വളപ്പിൽ ബാലരാമപുരം സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന സംയോജിത കൃഷി പ്രാഥമിക സഹകരണ മേഖലക്ക് മികച്ച മാതൃകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സ്പിന്നിങ് മിൽ വളപ്പിലെ സംയോജിത കൃഷി സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം ആശയങ്ങൾ മാതൃകപരമാണ്. കൂടുതൽ പ്രാഥമിക സഹകരണ സംഘങ്ങൾ സംയോജിത കൃഷിരീതിയിൽ കൃഷി ചെയ്യാൻ മുന്നോട്ടു വരുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുകയും കാർഷിക സ്വയം പര്യാപ്തത സാധ്യമാക്കാനും കഴിയും, കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സ്പിന്നിങ് മിൽ വളപ്പിലെ അഞ്ചര ഏക്കർ സ്ഥലത്താണ് ബാലരാമപുരം സർവിസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ സംയോജിത കൃഷി നടപ്പിലാക്കിയത്. തക്കാളി, വെണ്ട, പച്ചമുളക്, ചീര, കോവക്ക, വള്ളിപ്പയർ, കറിവേപ്പില, മല്ലിയില എന്നിവയും വിവിധതരം വാഴകുലകളും ഇവിടെ കൃഷി ചെയ്യുന്നു.
ജൈവ കൃഷിരീതിയാണ് അവലംബിക്കുന്നത്. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം. ബഷീർ, സി.പി.എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻസാജ് കൃഷ്ണ, ജില്ല ട്രഷറർ വി.എസ്. ശ്യാമ എന്നിവർ ഒപ്പമുണ്ടായിരുന്നു. സഹകരണ സംഘം പ്രസിഡന്റ് എ. പ്രതാപചന്ദ്രൻ, സെക്രട്ടറി എ. ജാഫർഖാൻ, ബോർഡ് അംഗം എം. ബാബുജാൻ എന്നിവർ കൃഷി രീതിയെക്കുറിച്ച് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.