അത്യന്താധുനിക അറവുശാലക്കായി ചെലവിട്ടത് ഒരുകോടിയിലേറെ; നിലവിൽ മാലിന്യനിക്ഷേപ കേന്ദ്രം
text_fieldsകിളിമാനൂർ: ജനകീയവും ജനക്ഷേമകരവുമായ വികസനപ്രവർത്തനങ്ങളിൽ പ്രധാനമാണ് മാലിന്യ സംസ്കരണം. വിദ്യാഭ്യാസ-സാംസ്കാരിക വികസനം എത്രയൊക്കെ ഉണ്ടായിട്ടും മാലിന്യ സംസ്കരണം എങ്ങനെയെന്ന കാര്യത്തിൽ മലയാളിക്ക് അവഗാഹമൊന്നുമില്ല. ഇവിടെയാണ് കരവാരം പഞ്ചായത്തിൽ സി.പി.എം നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ ഭരണസമിതി അത്യന്താധുനിക അറവുശാലയെന്ന മോഹപദ്ധതിക്ക് തുടക്കംകുറിച്ചത്. 2015-16 കാലഘട്ടത്തിലാണ് ഈ ആവശ്യം ജില്ല പഞ്ചായത്തിൽ വെച്ചത്. പ്രാധാന്യമില്ലാത്ത മറ്റ് പദ്ധതികളൊന്നുമില്ലാത്തതോടെ ഇതിന് സർക്കാർ അനുമതി ലഭിച്ചു. നാല് ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാനായി 1.11 കോടി രൂപ ഫണ്ടിൽ സർക്കാർ ടെൻഡർ നടപടികളും പൂർത്തിയാക്കി. എന്നിട്ടും അറവുശാല നിർമാണം രണ്ടുവർഷത്തിലേറെയായി നിലച്ച അവസ്ഥയാണ്. ചുറ്റിലും കാട്ടുചെടികൾ നിറഞ്ഞ പ്രദേശത്ത് ഇരുനിലകളിൽ നിർമിച്ച ഒരു കെട്ടിടമുണ്ട്, മതിൽ കെട്ടിത്തിരിച്ചിട്ടുണ്ട്. എന്നാൽ, ആ മതിൽ കെട്ടിനുള്ളിൽ പ്രദേശത്തെ സർവ മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നു. മൂക്കുപൊത്താതെ ഈ പ്രദേശത്താർക്കും എത്തിനോക്കാൻ പറ്റില്ല. ഇതാണ് കരവാരം പഞ്ചായത്തിലെ വഞ്ചിയൂരിൽ ജില്ല പഞ്ചായത്ത് വഴി ഒരുകോടിയിലേറെ ചെലവഴിച്ച് നിർമിച്ച അറവുശാലയുടെ ഇപ്പോഴത്തെ അവസ്ഥ.
ഗ്രാമപഞ്ചായത്ത്-ബ്ലോക്ക് ഭവന പദ്ധതികളിൽ 'മണ്ണും വീടും' പദ്ധതിക്ക് ഇപ്പോഴും സർക്കാർ നൽകുന്നത് നാലോ അഞ്ചോ ലക്ഷം രൂപയാണ്. മുൻഗണന ക്രമത്തിൽ തുകയിൽ അൽപം മാറുമെന്ന് മാത്രം. ഈ പണം വാങ്ങി, സ്വന്തം കിടപ്പാടം പൂർത്തിയാക്കാൻ കഴിയാതെ അമിത പലിശക്കാരിൽ നിന്നും പണം കടമെടുത്തവർ ഈ കെട്ടിടത്തിന്റെ അവസ്ഥ കണ്ടാൽ അക്ഷരാർഥത്തിൽ ബോധംകെടും. ഒരു ഹാളും ഒരുമുറിയുമായി ഒരു ഇരുനില കെട്ടിടം. മുന്നിലായി ഡോക്ടർമാർക്ക് ഇരിക്കാനായി മറ്റൊരു മന്ദിരം. ഇതിനും ഒരു ചുറ്റുമതിലിനുമായി ചെലവിട്ടത് 45 ലക്ഷം രൂപ.
അറവുശാലക്ക് 45 ലക്ഷം, ബയോഗ്യാസ് പ്ലാൻറിനായി 6.50 ലക്ഷം, വേസ്റ്റ് -വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് നിർമാണത്തിനായി 7.50 ലക്ഷം, ഉപകരണങ്ങൾ വാങ്ങാനായി 55 ലക്ഷം ഇങ്ങനെയായിരുന്നു തുക നീക്കിവെച്ചത്. ഇതിൽ അറവുശാല കെട്ടിടം മാത്രമാണ് ഇക്കാലയളവിൽ നിർമിച്ചത്. കെട്ടിട നിർമാണത്തിനായി 19-20 കാലഘട്ടത്തിൽ 17 ലക്ഷം രൂപയും 21-22 സാമ്പത്തികവർഷത്തിൽ 23 ലക്ഷം രൂപയുടെയും ഫണ്ട് മാറിയിട്ടുണ്ട്. ബയോഗ്യാസ് പ്ലാൻറ് നിർമിച്ചെങ്കിലും അത് ഉപയോഗശൂന്യമാണ്. കെട്ടിടത്തിന് ചുറ്റാകെ മതിൽ കെട്ടിയെങ്കിലും പ്രദേശത്തെ മത്സ്യ മാർക്കറ്റിലെയും ഇറച്ചി കടകളിലേയുമൊക്കെ മാലിന്യം ഈ കെട്ടിടത്തിലാണ് നിക്ഷേപിക്കുന്നത്.
80 ലക്ഷം കൂടി അധികമായി അനുവദിച്ചു. ഉപകരണങ്ങൾക്കായി നേരത്തെ നീക്കിവെച്ച 55 ലക്ഷത്തിന് പുറമേ 80 ലക്ഷം രൂപ വകയിരുത്തി. 15ാം ധനകാര്യ കമീഷന്റെ സ്പെഷൽ പർപ്പസ് ഗ്രാൻറിൽ നഗരസഭക്ക് അനുവദിച്ച തുകയിൽനിന്നും 80 ലക്ഷം കൂടി ഉപകരണങ്ങൾ വാങ്ങാനായി നീക്കിവെച്ചു. അറവുശാലയുടെ നിർമാണം നിലച്ച വിഷയത്തിൽ നിലവിലെ ജില്ല പഞ്ചായത്തംഗം നോട്ടീസ് നൽകിയിരിക്കുകയാണ് ജി.ജി. ഗിരികൃഷ്ണൻ. ഭരണസ്വാധീനം കൊണ്ടോ രാഷ്ട്രീയലാഭം നോക്കിയോ നാടിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് ഒരു ഭരണകൂടത്തിനും ആശാവഹമല്ല. വർക്കല നിയമസഭ മണ്ഡലത്തിലും പാതിവഴിയിൽ നിലച്ച പദ്ധതികളേറെയാണ്. അതിലേക്കുള്ള അന്വേഷണമാണ് നാളെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.