മുതലപ്പൊഴി ബോട്ടപകടം; അഞ്ചാംദിനവും തിരച്ചിൽ വിഫലം, ഒരാളുടെ മൃതദേഹം കോവളത്ത് നിന്ന് കണ്ടെത്തി
text_fieldsആറ്റിങ്ങൽ: പെരുമാതുറ മുതലപ്പൊഴിയില്‍ ബോട്ടപകട സ്ഥലത്തെ ക്രെയിൻ ഉപയോഗിച്ചുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ഒരാളുടെ മൃതദേഹം കോവളത്ത് നിന്ന് കണ്ടെത്തി. അഞ്ചാംദിനവും കാണാതായ മറ്റ് രണ്ടുപേരെ കണ്ടെത്താനായില്ല. കടലിൽ വിഴിഞ്ഞം ഭാഗത്തായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനം.
തിങ്കളാഴ്ച നടന്ന മത്സ്യബന്ധന ബോട്ടപകടത്തിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള തിരച്ചിലാണ് നിരാശയോടെ അവസാനിപ്പിക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം നടന്നത്. രണ്ടുപേരുടെ മരണത്തിനും ഏഴ് പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ അപകടത്തിൽ മൂന്ന് പേരെ കാണാതായിരുന്നു. ബോട്ടുടമയുടെ മക്കളായ മുഹമ്മദ് ഉസ്മാൻ, മുഹമ്മദ് മുസ്തഫ, മത്സ്യത്തൊഴിലാളി അബ്ദുൽ സമദ് എന്നിവരെയാണ് കാണാതായത്. ഇവർ വലയിൽ കുരുങ്ങി കിടക്കുന്നുവെന്നായിരുന്നു നിഗമനം. വല കരയിലേക്ക് വലിച്ചുകയറ്റാനുള്ള ശ്രമങ്ങൾ ഒന്നും പൂർണ തോതിൽ വിജയിച്ചില്ല. വളരെ സാഹസികമായി പല ഭാഗത്തായി വല മുറിച്ചുമാറ്റി എങ്കിലും പകുതി വല പോലും ഇതുവരെ കരയിൽ എത്തിക്കാൻ ആയില്ല. ബുധനാഴ്ച രാത്രിയോടെയാണ് മുപ്പത് ടൺ ശേഷിയുള്ള െക്രയിൻ അപകടം നടന്ന പുലിമുട്ടിന്റെ അവസാന ഭാഗത്ത് എത്തിച്ചത്. വ്യാഴാഴ്ച കാൽഭാഗത്തോളം വല കരയിലെത്തിച്ചു.
വെള്ളിയാഴ്ച രാവിലെ വിഴിഞ്ഞത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ധരുടെ സഹകരണത്തോടെയാണ് തിരച്ചിൽ ആരംഭിച്ചത്. കക്കവാരൽ തൊഴിലാളികളായ സിദ്ദീഖ്, അബു, ഇമാം, ഷജീർ, സദ്ദാം, ഉസനാർ, ജബ്ബാർ, അത്തുകുട്ടി, ഹസൻ, ബദർ എന്നിവരാണ് തിരച്ചിലിന് ഇറങ്ങിയത്. പൊഴിമുഖത്തെ പുലിമുട്ടിൽ കുടുങ്ങിക്കിടക്കുന്ന വലകൾ അറുത്ത് മാറ്റാനുള്ള ശ്രമമായിരുന്നു ഇവരുടേത്. തിരുവനന്തപുരം ഡി.ഐ.ജി ആർ. നിഷാന്ത് സംഭവസ്ഥലത്തെത്തി തുടർ തിരച്ചിലുകൾക്ക് നേതൃത്വം നൽകി.
നേവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, കേരള ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് എന്നിവയുടെ സഹകരണത്തോടെയാണ് തിരച്ചില്‍ നടത്തിയത്. കപ്പലുകളും ഹെലികോപ്ടറുകളും ഉൾപ്പെടെ ഈ ദൗത്യത്തിൽ പങ്കാളികളായി.
വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ അജ്ഞാത മൃതദേഹങ്ങൾ കടലിൽ കണ്ടെത്തിയിരുന്നു. കോവളത്ത് കണ്ടെത്തിയത് മുതലപ്പൊഴി അപകടത്തിൽപെട്ട ഉസ്മാന്റേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹത്തിൽ ഡി.എൻ.എ പരിശോധനകൾക്ക് ശേഷം മാത്രമേ ഇത് മുതലപ്പൊഴി ദുരന്തത്തിൽ ഉൾപ്പെട്ടതാണോ എന്ന സ്ഥിരീകരണം ഉണ്ടാകൂ. ഒരാളുടെ മൃതദേഹം കോവളത്ത് കണ്ടെത്തിയ സാഹചര്യം കൂടി പരിഗണിച്ചാണ് അപകടത്തിൽപെട്ടവർ ഒഴുകി മാറിയിരിക്കാം എന്ന നിഗമനത്തിൽ മുതലപ്പൊഴിയിൽ തിരച്ചിൽ അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.