മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അപകടാവസ്ഥക്ക് പരിഹാരമായില്ല
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉപജീവനം നടത്തുന്നത് മുതലപ്പൊഴി തുറമുഖം വഴിയുള്ള മത്സ്യ ബന്ധനത്തിലൂടെയാണ്.
എന്നാൽ, ഹാർബറിന്റെ നിർമാണത്തിലെ അശാസ്ത്രീയത കാരണം പ്രദേശം അപകടകേന്ദ്രമാണ്. യഥാസമയം മണ്ണുനീക്കി ആഴം വർധിപ്പിക്കാത്തതും അപകടകാരണമെന്ന് കണ്ടെത്തിയ പുലിമുട്ടുകൾ നീക്കം ചെയ്യാത്തതുമാണ് ഇതിനുകാരണം. നൂറോളം കുടുംബങ്ങൾ ഇവിടത്തെ അപകടങ്ങളിൽ അനാഥമായി. കേരളത്തിൽ ഇത്രയും തഴയപ്പെട്ട ഹാർബർ വേറെയില്ല.
കാലവർഷമെത്താൻ രണ്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ, ഹാർബർ നേരിടുന്ന ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ല. വിവിധ ഏജൻസികൾ പലപ്പോഴായി നടത്തിയ പഠന റിപ്പോർട്ട് പുറത്തുവിടാൻപോലും അധികൃതർ തയാറാകുന്നില്ല. ഹാർബർ നവീകരണത്തിന് സാമ്പത്തികബാധ്യത പറഞ്ഞാണ് അധികൃതർ ഒഴിയുന്നത്. എന്നാൽ, മുതലപ്പൊഴിക്ക് അനുവദിച്ച 80 ലക്ഷം രൂപ ഇനിയും ചെലവഴിക്കാതെ കിടക്കുന്നതായിട്ടാണ് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിക്കുന്നത്.
ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. ഇതിനാൽ രാത്രി മോഷണം വ്യാപകമാണ്. റിങ്, വല, ബോട്ടിന്റെ ഭാഗങ്ങൾ എന്നിവ കവർച്ച ചെയ്യപ്പെടുന്നുണ്ട്. വകുപ്പിനെ സംബന്ധിച്ചിടത്തോളം വലിയ വരുമാനമുള്ള സ്ഥാപനമാണ് മുതലപ്പൊഴി ഹാർബർ.
താഴമ്പള്ളി ഭാഗം 1.56 കോടിക്കും പെരുമാതുറ ഭാഗം 76 ലക്ഷം രൂപക്കുമാണ് ലേലം പോയത്. എന്നാൽ, മത്സ്യത്തൊഴിലാളികൾക്ക് കുടിവെള്ളംപോലും ലഭിക്കാത്ത അവസ്ഥയാണ്.
ആയിരത്തിലധികം യാനങ്ങൾ പ്രതിദിനം കടന്നുപോകുന്നുണ്ട്. അത്രയും മത്സ്യത്തൊഴിലാളികൾ ഹാർബറിനെ ആശ്രയിക്കുന്നു. എന്നാൽ, സൗകര്യങ്ങൾ മാത്രം ലഭ്യമാക്കുന്നില്ല.
ഈ വിഷയങ്ങൾക്ക് പരിഹാരം തേടി പുതുക്കുറിച്ചി പെരുമാതുറ താങ്ങുവല അസോസിയേഷൻ സമരമാരംഭിക്കുകയാണ്. മാർച്ച് 31ന് അസോസിയേഷൻ നേതൃത്വത്തിൽ ഹാർബർ എൻജിനീയറിങ് ഓഫിസ് ഉപരോധിക്കുമെന്ന് ഭാരവാഹികളായ സജീബ്, ഷാജഹാൻ, സുധീർ മന്നാനി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.