മുതലപ്പൊഴി അപകടം; കാരണം പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും കാറ്റും
text_fieldsആറ്റിങ്ങൽ: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ബോട്ടപകടത്തിന് കാരണം അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥ മാറ്റം. തിങ്കളാഴ്ച രാവിലെ എട്ടോടെ 'സഫ മർവ' ബോട്ടിൽ വർക്കല സ്വദേശികളായ സംഘം മത്സ്യബന്ധത്തിനായി കടലിൽ പോകുമ്പോൾ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഉച്ചക്ക് ഒരുമണിയോടെ കാലാവസ്ഥ മാറി. ശക്തമായ കാറ്റ് ആരംഭിച്ചു. ആകാശം കാർമേഘത്താൽ മൂടിക്കെട്ടി.
ഇതോടെ തിരികെ വരാൻ തീരുമാനിച്ചതായും തിരിച്ചുള്ള യാത്ര ആരംഭിച്ചതായും ബോട്ടിൽനിന്ന് രക്ഷപ്പെട്ട് താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഹദ് പറഞ്ഞു.
എന്നാൽ, ഹാർബറിലേക്ക് കയറുന്നതിന് മുമ്പുതന്നെ ശക്തമായ കാറ്റിൽ ബോട്ട് മറിഞ്ഞു. കടലിലേക്ക് തെറിച്ചുവീണവർ നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവർ ബോട്ടിനുള്ളിലും വലയിലും കുരുങ്ങി. ഇവർക്ക് മുന്നിലും പിന്നിലും മറ്റു മത്സ്യബന്ധന ബോട്ടുകൾ ഉണ്ടായിരുന്നു. ഓരോരുത്തരും സാഹസികമായി കരയിൽ കയറാനുള്ള ശ്രമത്തിലായിരുന്നു. മറ്റു ബോട്ടുകളിൽ ഉണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിലുൾപ്പെടെ അപകടവിവരം നൽകിയത് ഇവരാണ്.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തിയിട്ടും കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ശക്തമായ കാറ്റ് കാരണം പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളും കടലിലിറങ്ങാൻ ധൈര്യം കാണിച്ചില്ല. കാറ്റിന് ശക്തി കുറഞ്ഞപ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു. ഡിവൈ.എസ്.പിമാരായ എം.കെ. സുൽഫിക്കർ, പി. നിയാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും റവന്യൂ, അഗ്നിരക്ഷസേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.