നന്ദിയോട്-ആനാട് സമഗ്ര കുടിവെള്ള പദ്ധതി നിർമാണത്തിന്് ഒച്ചിഴയുന്ന വേഗം
text_fieldsപാലോട്: മലയോര മേഖലയിൽ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും നന്ദിയോട്-ആനാട് സമഗ്ര കുടിവെള്ള പദ്ധതി പണിക്ക് ഒച്ചിഴയുന്ന വേഗം. പദ്ധതി ആരംഭിച്ചിട്ട് ഒമ്പതു വർഷമായിട്ടും എങ്ങുമെത്തിയില്ല.
നന്ദിയോട്, ആനാട് പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണ് അധികൃതരുടെ പിടിപ്പുകേടിൽ ഇഴഞ്ഞുനീങ്ങുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ പദ്ധതിയുടെ മുക്കാൽഭാഗം നിർമാണ പ്രവർത്തനങ്ങളേ ഇതുവരെ പൂർത്തിയാക്കാനായുള്ളൂ. 60 കോടി രൂപ അടങ്കൽ നിശ്ചയിച്ച് തുടങ്ങിയ പദ്ധതിയുടെ ചെലവ് ഇപ്പോൾ 100 കോടിക്ക് അടുത്തെത്തി. എന്നിട്ടും ജനത്തിന് കുടിക്കാൻ വെള്ളമില്ല.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് എം.എൽ.എ ഡി.കെ. മുരളി മുൻകൈയെടുത്ത് മന്ത്രിതല ചർച്ച നടത്തുകയും കരാറുകാരനെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു. എങ്കിലും ഫലമുണ്ടായില്ല. പാലോട് വില്ലേജ് പരിധിയിലും ആനാട് വില്ലേജ് പരിധിയിലും പണികൾനടക്കുന്നുണ്ട്. എങ്കിലും, കുറുപുഴ വില്ലേജ് പരിധിയിൽ ഇപ്പോൾ പണികളൊന്നും നടക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ കരാറുകാരനെ മാറ്റി പുതിയ ആളെ കണ്ടെത്തേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ പദ്ധതി ഇനിയും വൈകും.
2014ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലഘട്ടത്തിലാണ് കേന്ദ്ര-സംസ്ഥാന പദ്ധതിയായി നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. 76 കോടി രൂപ പദ്ധതിക്കായി പലപ്പോഴായി അനുവദിച്ചു. പദ്ധതി വൈകുമെന്ന് വന്നപ്പോൾ ജില്ല പഞ്ചായത്ത് 16 കോടി കൂടി കഴിഞ്ഞവർഷം അനുവദിച്ചിട്ടും പണം തികയാത്ത അവസ്ഥയാണ്. നിലവിൽ ആനകുഴിയിൽ പതിനൊന്നര ദശലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കിന്റെ പണി അന്തിമഘട്ടത്തിലാണ്. ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് ഇവിടേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പിടൽ നടന്നിട്ടില്ല.
കുടിവെള്ളമെത്തിക്കുന്നതിനായി വാമനപുരം ആറിൽ പാലോട്ട് പുതിയ പമ്പ് ഹൗസിന്റെ നിർമാണവും പൂർത്തിയായിക്കഴിഞ്ഞു. ഗാർഹിക കണക്ഷനുകൾ നൽകാൻ പര്യാപ്തമായ വിധത്തിലാണ് പദ്ധതിയുടെ നിർവഹണം.
നിശ്ചയിച്ചപ്രകാരം പദ്ധതി പൂർത്തിയായാൽ തലസ്ഥാനത്തെക്കാൾ നല്ല കുടിവെള്ളം ഗ്രാമങ്ങളിലുമെത്തിക്കാൻ ഈ പദ്ധതിക്ക് സാധിക്കും. പക്ഷേ, ഇങ്ങനെ പോയാൽ പദ്ധതിയിൽനിന്ന് ഒരുതുള്ളി വെള്ളം കിട്ടാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കണം.
ആലംപാറ, വലിയ താന്നിമൂട്, ചുള്ളിമാനൂർ, കൈതക്കാട് എന്നീസ്ഥലങ്ങളിൽ സ്ഥാപിക്കേണ്ട ഓവർഹെഡ് ടാങ്കുകളുടെ നിർമാണം 90 ശതമാനത്തോളം പൂർത്തിയായി. ആനകുളത്ത് പണി നടക്കുന്നു. താന്നിമൂട്ടിലെ സ്റ്റോറേജ് പ്ലാന്റ്, വെള്ളം ഓക്സീകരിക്കുന്ന എയർ ക്ലാരിയേറ്റർ, കെമിക്കൽ കൂട്ടിച്ചേർക്കുന്ന രണ്ട് ഫ്ലാഷി മിക്സർ, ക്ലാരിഫെയർ ഫോക്കുലേറ്റർ എന്നിവ സ്ഥാപിക്കാൻ ബാക്കിയുണ്ട്.
നന്ദിയോട് ആലംപാറയിലെ ട്രീറ്റ്മെന്റ് പ്ലാന്റ് മുഴുവൻ കാടുകയറിയ നിലയിലാണ്. പെരുമ്പാമ്പുകളുടെ താവളം കൂടിയാണ് ഇവിടം. ഈ കാടുകളിൽനിന്ന് സമീപ പ്രദേശങ്ങളിലേക്ക് പാമ്പുകൾ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കുടിവെള്ള പദ്ധതിയുടെ പണി പൂർത്തിയായാലും ട്രീറ്റ്മെന്റ് പ്ലാന്റ് പഴയ രൂപത്തിലാക്കാൻതന്നെ നല്ലൊരു തുക ചെലവാകും. ഓവർ ഹെഡ് പ്ലാന്റുകൾ പണിയുന്ന സ്ഥലത്തെയും സ്ഥിതി വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.