നെടുമങ്ങാട് വനിത ഹോസ്റ്റലും ആയുഷ് മെഡിക്കൽ യൂനിറ്റും യാഥാർഥ്യമാകുന്നു
text_fieldsനെടുമങ്ങാട്: നഗരവാസികളുടെ ദീർഘനാളത്തെ ആഗ്രഹമായ വനിത ഹോസ്റ്റലും ആയുഷ് മെഡിക്കൽ യൂനിറ്റും സഫലമാകുന്നു. 1.75 കോടി രൂപ ചെലവിൽ കരിപ്പൂര് കണ്ണാറങ്കോട് നിർമിച്ച വനിത ഹോസ്റ്റലും ഉഴപ്പാക്കോണത്ത് ആരംഭിക്കുന്ന ആയുഷ് മെഡിക്കൽ യൂനിറ്റും 27ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൺ സി.എസ്. ശ്രീജ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വലിയമല ഐ.ഐ.എസ്.ടി കാമ്പസിലെ വിദ്യാർഥികൾക്കും ഐ.എസ്.ആർ.ഒയിൽ പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് എത്തുന്നവർക്കും നഗരത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും പണിയെടുക്കുന്ന വനിതകൾക്കും ഹോസ്റ്റൽ ഉപകാരപ്രദമാകും. ഇരുനിലകളിലായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ കിച്ചൺ, ഡൈനിങ് ഹാൾ, ഡോർമെറ്ററി, ബഡ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
നാഷനൽ ആയുഷ് മിഷൻ കേരളയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂനിറ്റിൽ ആയുർവേദം, സിദ്ധ, ഹോമിയോപ്പതി, യോഗ നാച്ചുറോപ്പതി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാകും.
മൂന്ന് ഡോക്ടർമാരുടെയും ഒരു യോഗ സ്പെഷലിസ്റ്റിന്റെയും സേവനം ലഭിക്കും. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് മെഡിക്കൽ യൂനിറ്റിന്റെ പ്രവർത്തനം. തുടക്കത്തിൽ വാടകക്കെട്ടിടത്തിലായിരിക്കും പ്രവർത്തനം.
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ നായർ, വസന്തകുമാരി, സെക്രട്ടറി അബ്ദുൽ സജീം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.