തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ അത്യാഹിതവിഭാഗം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജിലെ പുതിയ അത്യാഹിത വിഭാഗം ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടന ശേഷം കോവിഡ് സാഹചര്യത്തെ തുടർന്ന് നീണ്ടുപോയ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിെൻറ പ്രവർത്തനമാണ് ഇന്നു മുതൽ ആരംഭിക്കുന്നത്.
ഇതിനുള്ള സജ്ജീകരണങ്ങൾ ഞായറാഴ്ചയോടെ പൂർത്തിയായി. കഴിഞ്ഞദിവസം ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രി വീണ ജോർജ് അത്യാഹിത വിഭാഗം എത്രയും വേഗം മാറ്റിസ്ഥാപിക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീൻ എന്നിവർ ചേർന്ന് അതിനുള്ള പ്രവർത്തനം ആരംഭിക്കുകയും മുൻകൂട്ടി നിശ്ചയിച്ച നവംബർ 15 നുതന്നെ അതു പൂർത്തീകരിക്കുകയുമായിരുന്നു. ആദ്യപടിയായി താൽക്കാലികമായി പ്രവർത്തിച്ചുവന്ന കോവിഡ് ഒ.പി ഡീലക്സ് പേ വാർഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
2020 സെപ്റ്റംബർ 19 നാണ് പുതിയ അത്യാഹിത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ചിരകാലാഭിലാഷമായ പുതിയ അത്യാഹിത വിഭാഗത്തിൽ ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിന് സമീപത്തായി പഴയ ഒ.പി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിതവിഭാഗം സ്ഥാപിച്ചത്. എമർജൻസി മെഡിസിൻ വിഭാഗം എന്ന നാമമാറ്റത്തോടെ തുടങ്ങുന്ന ഈ വിഭാഗത്തിനായി പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും.
35 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്. പി.ഡബ്ല്യു.ഡി, എച്ച്.എൽ.എൽ എന്നിവ നിർമാണ പ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.