നെയ്യാർഡാമിൽ ബോട്ടില്ല; വിനോദസഞ്ചാരികൾക്ക് നിരാശ
text_fieldsകാട്ടാക്കട: നെയ്യാര്‍ഡാം വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുന്നവരുടെ പ്രധാന വിനോദമാണ് ബോട്ടുസവാരി. വനംവകുപ്പും ഡി.ടി.പി.സിയുമാണ് ഇവിടെ ബോട്ട് സവാരി നടത്തുന്നത്. അഞ്ച് ബോട്ടുകള്‍ ഉണ്ടായിരുന്ന ഡി.ടി.പി.സിക്ക് ഇപ്പോഴുള്ളത് മൂന്ന് പേർക്ക് കയറാവുന്ന ഒരു സ്പീഡ് ബോട്ട് മാത്രം. മധ്യവേനലവധി തുടങ്ങി ഇനി നെയ്യാര്‍ഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ഇവിടെ എത്തുന്നവര്‍ക്ക് ഇക്കുറി ബോട്ടുസവാരി ചെയ്യാനാകാതെ മടങ്ങി പോകേണ്ടിവരും.
നെയ്യാറിലെ ബോട്ടുസവാരി ഡി.ടി.പി.സി നടത്തുന്നതിനാല്‍ മറ്റ് ഏജന്‍സികള്‍ക്കോ സ്വകാര്യസ്ഥാപനങ്ങള്‍ക്കോ അനുമതി നല്‍കിയിട്ടില്ല.
ആറ് പേർക്ക് കയറാവുന്ന രണ്ട് സഫാരിയും മൂന്ന് പേർക്കുള്ള ഒരു സ്പീഡ് ബോട്ടും അഞ്ചുപേർക്കുള്ള സെമി സ്പീഡ് ബോട്ടും 15 പേർക്ക് യാത്ര ചെയ്യാവുന്ന ‘അമരാവതി’ യുമായി അഞ്ചുബോട്ടുകളാണ് ഡി.ടി.പി.സി സവാരി നടത്തിയിരുന്നത്.
ഇരട്ട എൻജിനുള്ള ‘അമരാവതി’ അറ്റകുറ്റപ്പണികൾക്കായി ഒതുക്കിയിട്ട് വർഷങ്ങളായി. കഴിഞ്ഞ മാർച്ചിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പേരിൽ മൂന്ന് സ്പീഡ്-സെമി സ്പീഡ് ബോട്ടുകൾക്ക് തുറമുഖ വകുപ്പിെൻറ വിലക്ക് വന്നു.
ബോട്ടുകൾക്ക് വാർഷിക സർവേ നടത്തിയിട്ടില്ലെന്നും ആവശ്യത്തിന് ലൈഫ് ജാക്കറ്റുകൾ ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഓടാൻ വിലക്ക് വന്നത്. തുടർന്ന് മാസങ്ങളോളം ഒരു ബോട്ട് മാത്രമായിരുന്നു ജലാശയത്തിൽ ഓടിയത്. വിലക്ക് നീക്കി വീണ്ടും രണ്ട് സഫാരി ബോട്ടുകൾ ഓടിത്തുടങ്ങിയതിനിടെയാണ് ഇവ തകരാറിലാകുന്നത്. സീസണാകുമ്പോൾ ആവശ്യത്തിന് ബോട്ടില്ല എന്ന പതിവ് ഇപ്പോഴും തുടരുന്നു. ഡി.ടി.പി.സിയുടെ കീഴിൽ രണ്ട് പതിറ്റാണ്ടിലേറെയായ ബോട്ട് ക്ലബാണ് നെയ്യാർഡാമിലേത്. നിലവിൽ വലിയൊരു ടൂറിസ്റ്റ് സംഘമെത്തിയാൽ ഓടിക്കാൻ ബോട്ടില്ല എന്നതാണ് സ്ഥിതി. അഞ്ച് വനിതാ ഡ്രൈവർമാർ ഉൾപ്പെടെ എട്ടുപേരാണ് ജീവനക്കാർ. ബോട്ടുകൾ ഇല്ലാത്തതിനാൽ ഇവർക്ക് ജോലിയുമില്ല.
കൃത്യമായ മേൽനോട്ടമില്ലാത്തതാണ് നെയ്യാർഡാമിലെ ബോട്ട് ക്ലബിെൻറ തകർച്ചക്ക് കാരണമെന്ന് സഞ്ചാരികളും നാട്ടുകാരും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.