ഔട്ടർ റിങ് റോഡിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം
text_fieldsനെടുമങ്ങാട്: വിഴിഞ്ഞം-നാവായിക്കുളം, തേക്കട-മംഗലപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ ദേശീയപാത അതോറിറ്റി വിജ്ഞാപനമിറക്കി. 324.75 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. നെയ്യാറ്റിൻകര, കാട്ടാക്കട, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ 30 വില്ലേജുകളിലെ ഭൂമിയാണ് റോഡിനായി ഏറ്റടുക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ സ്ഥലമെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുന്നത്.
ജനുവരിയിൽ റോഡ് നിർമിക്കാനുള്ള കേന്ദ്ര അംഗീകാരം ലഭിച്ചതോടെയാണ് ഭൂമിയേറ്റെടുക്കലിന് നടപടികൾ തുടങ്ങിയത്. കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം. 4871 കോടി രൂപയുടേതാണ് പദ്ധതി. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. ഭൂമിയേറ്റെടുക്കലിനും മറ്റുമായി 2222 കോടി രൂപയാണ് കണക്കാക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്ന വില്ലേജുകൾ
നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരം(ബ്ലോക്ക് നം.13), കോട്ടുകാൽ (ബ്ലോക്ക് നം.16), പള്ളിച്ചൽ ( ബ്ലോക്ക് നം.5).
കാട്ടാക്കട താലൂക്കിലെ കുളത്തുമ്മൽ (ബ്ലോക്ക് നം.5), മലയിൻകീഴ് (ബ്ലോക്ക് നം.6), മാറനല്ലൂർ (ബ്ലോക്ക് നം.10), വിളപ്പിൽ (ബ്ലോക്ക് നം.2).
തിരുവനന്തപുരം താലൂക്കിലെ അണ്ടൂർക്കോണം(ബ്ലോക്ക് നം.7,8), കീഴ്തോന്നയ്ക്കൽ (ബ്ലോക്ക് നം.6), മേൽതോന്നയ്ക്കൽ (ബ്ലോക്ക് നം.4), വെയ്ലൂർ (ബ്ലോക്ക് നം.2), വെങ്ങാനൂർ (ബ്ലോക്ക് നം.31).
നെടുമങ്ങാട് താലൂക്കിലെ അരുവിക്കര (ബ്ലോക്ക് നം.40,41), കരകുളം (ബ്ലോക്ക് നം.27,28), കോലിയക്കോട് ( ബ്ലോക്ക് 34), മാണിക്കൽ (ബ്ലോക്ക് നം.29), നെടുമങ്ങാട് (ബ്ലോക്ക് നം.35,36), പുല്ലമ്പാറ (ബ്ലോക്ക് നം.23), തേക്കട (ബ്ലോക്ക് നം.30,31,32) വാമനപുരം (ബ്ലോക്ക് നം.2,24), വട്ടപ്പാറ (ബ്ലോക്ക് നം.35), വെമ്പായം (ബ്ലോക്ക് നം.31).
ചിറയിൻകീഴ് താലൂക്കിലെ കരവാരം (ബ്ലോക്ക് നം.39,40),കിളിമാനൂർ (ബ്ലോക്ക് നം.30), കൊടുവഴന്നൂർ (ബ്ലോക്ക് നം.36), നഗരൂർ (ബ്ലോക്ക് നം.37,6), പുളിമാത്ത് (ബ്ലോക്ക് നം.35), വെള്ളല്ലൂർ (ബ്ലോക്ക് നം.38).
വർക്കല താലൂക്കിലെ കുടവൂർ (ബ്ലോക്ക് നം.23),നാവായിക്കുളം (ബ്ലോക്ക് നം.22).
ലക്ഷ്യമിടുന്നത് വൻ വികസനം
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും തലസ്ഥാനത്തിന് വ്യാപാര-വാണിജ്യ ഉപഗ്രഹനഗരം നിർമിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 70 മീറ്റർ വീതിയിൽ ആറുവരിയിൽ നിർമിക്കുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ്.
റോഡിന് തേക്കടനിന്ന് മംഗലപുരത്തേക്ക് 14 കിലോമീറ്റർ റിങ് റോഡുമുണ്ടാകും. റോഡ് നിർമാണത്തിനുശേഷം രണ്ടാം ഘട്ടമായി റോഡിന്റെ ഇരുവശത്തുമായി ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കൽ ആൻഡ് കൊമേഴ്സ്യൽ സോണുകളും നിർമിക്കാനാണ് പദ്ധതി.
വിഴിഞ്ഞം ബൈപാസ്, വെങ്ങാനൂർ, അതിയന്നൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, വേങ്കോട്, പൂവത്തൂർ, തേക്കട, തേമ്പാംമൂട്, പുളിമാത്ത്, നാവായിക്കുളം വഴി പാരിപ്പള്ളിയിൽ പ്രവേശിക്കുന്ന റോഡിൽ തേക്കടനിന്ന് വെമ്പായം, മാണിക്കൽ, പോത്തൻകോട് വഴി മംഗലപുരത്തേക്കാണ് ബൈപാസുള്ളത് .
ദേശീയപാത-66, നാല് സംസ്ഥാനപാതകൾ (എസ്.എച്ച് 46, എസ്.എച്ച് 1, എസ്.എച്ച് 47, എസ്.എച്ച് 2), സംസ്ഥാന ഹൈവേ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 77.773 കി.മീറ്റർ ദൈർഘ്യത്തിലുള്ള റിങ് റോഡ്. 39 മേൽപാതകൾ, 24 അടിപ്പാതകൾ, ഒരു വലിയ പാലം,11 ചെറുപാലങ്ങൾ എന്നിവയുണ്ടാകും.
പ്രതിഷേധം ഉയരുന്നു
വിഴിഞ്ഞം-തേക്കട-മംഗലപുരം റിങ് റോഡ് നിർമാണം ആശങ്കയിലാഴ്ത്തുന്ന പ്രദേശവാസികൾ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. തുടക്കത്തിലേ മംഗലപുരം, അണ്ടൂർക്കോണം പ്രദേശത്തുള്ളവർ പ്രതിഷേധവുമായി വന്നു. വിജ്ഞാപനം പുറത്തുവന്നതോടെ കൂടുതൽ പ്രദേശങ്ങളിൽനിന്ന് പ്രതിഷേധമുയരുകയാണ്.
തേക്കട-മംഗലപുരം റിങ് റോഡിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പുതിയ അലൈൻമെൻറ് പഠനം നടത്താതെയാണെന്നും ഇത് നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് വെമ്പായം വില്ലേജിലെ ബ്ലോക്ക് നമ്പർ 31ലും തേക്കട വില്ലേജിലെ ബ്ലോക്ക് നമ്പർ 30ലും ഉൾപ്പെടുന്ന കമുകറക്കോണം, കന്യാകുളങ്ങര, കക്കോട്ടുകോണം, കാഞ്ഞാൻവിളാകം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ചേർന്ന് കർമസമിതി രൂപവത്കരിച്ചു. ഇവർ മുഖ്യമന്ത്രി, സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ. അനിൽ എന്നിവർക്ക് നിവേദനം നൽകി. ജനവാസമേഖലകൾ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന് വെമ്പായം ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം കലക്ടർക്ക് നൽകിയിട്ടുണ്ട്. റിങ് റോഡ് നിർമാണത്തിനുകൂടി സ്ഥലമേറ്റെടുക്കുന്നതോടെ അണ്ടൂർക്കോണം പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നഷ്ടമാകുന്ന അവസ്ഥയാണന്ന് സ്ഥലവാസികളുടെ ആരോപണം. ജില്ലയിൽ സർക്കാറിന്റെ വിവിധ പദ്ധതികൾക്കായി ഏറ്റവും കൂടുതൽ സ്ഥലമെടുപ്പ് നടന്ന പഞ്ചായത്താണ് അണ്ടൂർക്കോണം. പവർഗ്രിഡ് പദ്ധതിക്കായി പള്ളിപ്പുറം നെൽപ്പാടവും കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ നിർമിക്കാൻ 200 ഏക്കറും പള്ളിപ്പുറം ടെക്നോസിറ്റിക്കായി 350 ഏക്കറും സി.ആർ.പി.എഫ് ക്യാമ്പിനായി 280 ഏക്കർ സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്. നിർദിഷ്ട മോണോറെയിൽ പദ്ധതിക്കായി 50 ഏക്കറും ഏറ്റെടുത്തു. ദേശീയപാതക്ക് ഭൂമി ഏറ്റെടുത്തതോടെ അണ്ടൂർക്കോണം പഞ്ചായത്തിലെ കണിയാപുരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളും വീടുകളും മറ്റ് കെട്ടിടങ്ങളും ഇടിച്ചു തകർക്കേണ്ടിവരും.
അലൈൻമെന്റിൽ പലതവണ മാറ്റം, അംഗീകരിക്കില്ലെന്ന് ജനങ്ങൾ
ആറ്റിങ്ങൽ: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഔട്ടർ റിങ് റോഡിനായി തേക്കട- മംഗലപുരം റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് തയാറാക്കിയ അലൈമെന്റിൽ മാറ്റംവരുത്തിയില്ലെങ്കിൽ പദ്ധതി തടയുമെന്ന് നാട്ടുകാർ. മംഗലപുരം പഞ്ചായത്ത് പ്രദേശത്ത് പുതിയ അലൈൻമെൻറ് അനുസരിച്ച് നൂറോളം വീടുകൾ നഷ്ടപ്പെടും.
തുറമുഖ നിർമാണം അദാനി ഗ്രൂപ് ഏറ്റെടുക്കുമ്പോൾതന്നെ വിഴിഞ്ഞം മുതൽ വട്ടപ്പാറ വഴി മംഗലപുരം എത്തുന്ന റോഡിനായി സർവേ നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ഭൂമി ഉൾപ്പെട്ടതിനാൽ അലൈൻമെന്റ് മാറ്റി തേക്കട - മംഗലപുരം എന്നാക്കി. ഔട്ടർ റിങ് റോഡിനായി ഭൂമി ഏറ്റെടുക്കുകയും മംഗലപുരം പഞ്ചായത്തിൽ ലോജസ്റ്റിക് ഹബ്ബ് തുടങ്ങുകയുമാണ് ഉദ്ദേശം. ആദ്യ അലൈൻമെന്റിൽ ഒരുവീടും നഷ്ടപ്പെടാതെ പദ്ധതി നടപ്പാക്കാൻ കഴിയുമായിരുന്നു. രണ്ടാമത് അലൈൻമെന്റിൽ മാറ്റം വരുത്തിയപ്പോൾ 35 വീടുകൾ ഒഴിപ്പിക്കേണ്ടി വരുമെന്നായി. എതിർപ്പുകൾ ഉണ്ടായിട്ടും അലൈൻമെന്റ് മൂന്നാം തവണയും മാറ്റി 75 ഓളം വീടുകൾ ഒഴിപ്പിക്കേണ്ട അവസ്ഥയിലെത്തി. മൂന്നുതവണ അലൈൻമെന്റിൽ മാറ്റം വരുത്തിയത് ജനത്തെ ഭിന്നിപ്പിക്കാനാണെന്ന് ഭൂവുടമകൾ പറയുന്നു.
ഉദോഗസ്ഥരുടെ ഇടപെടൽ കാരണം വലിയരീതിയിൽ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫി പറഞ്ഞു. മംഗലപുരം പഞ്ചായത്തിൽ ടെക്നോസിറ്റി, സിൽവർ ലൈൻ, ബയോ സയൻസ് പാർക്ക് തുടങ്ങിയവക്ക് ഭൂമി ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.