എണ്ണക്കമ്പനികൾ വിതരണം വെട്ടിക്കുറച്ചു; പൊലീസിൽ ഇന്ധനക്ഷാമം
text_fieldsതിരുവനന്തപുരം: പൊലീസിന്റെ ദൈനംദിന പ്രവർത്തങ്ങളെ പ്രതിസന്ധിയിലാക്കി ഇന്ധനക്ഷാമം രൂക്ഷം.
എസ്.എ.പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. രാഷ്ട്രപതിയുടെ സന്ദർശന ഭാഗമായ ട്രയൽ റണ്ണിന് മാത്രമാണ് ബുധനാഴഴ്ച വിടെനിന്ന് ഇന്ധനം അനുവദിച്ചത്. എണ്ണക്കമ്പനിക്ക് കുടിശ്ശികയുള്ളതിനാൽ ഡീസൽ വിതരണം നിർത്തിവെക്കുകയായിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പട്രോളിങ് പ്രവർത്തനങ്ങൾ നടത്താൻ പോലും വാഹനങ്ങളിൽ ഇന്ധനമില്ലാത്ത സ്ഥിതിയുമുണ്ടായി.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളിൽ പലതും ഇന്ധനക്ഷാമം കാരണം ഉപയോഗിക്കാനാവാത്ത അവസ്ഥയാണ്. ഇന്ധനക്ഷാമമാണ് പലപ്പോഴും സ്റ്റേഷനുകളിലെ അഴിമതിക്ക് ഒരു കാരണമാകുന്നതെന്ന അഭിപ്രായവും പൊലീസിലുണ്ട്. പലപ്പോഴും പൊലീസ് വാഹനങ്ങൾ ഓടാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ഇന്ധനമടിക്കാൻ സ്വകാര്യ വ്യക്തികളുടെ ഉൾപ്പെടെ സഹായം തേടേണ്ട അവസ്ഥ ഉണ്ടാവുന്നു. പല സ്റ്റേഷനുകളിലും സ്വകാര്യ ജീപ്പുകൾ ഉൾപ്പെടെ ലഭ്യമാക്കേണ്ട സാഹചര്യമാണ്. മൂന്ന് മാസമായി പൊലീസിൽ ഇന്ധന പ്രതിസന്ധി നിലനിൽക്കുന്നു. പത്ത് ലിറ്റർ വരെ ഡീസലാണ് ഒരു ദിവസം പൊലീസ് സ്റ്റേഷന് അനുവദിച്ചിരുന്നത്. ഇത് പോലും ലഭ്യമാക്കാനാവുന്നില്ല.
ഒരുവശത്ത് ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെയാണ് പൊലീസിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മുന്തിയ ഇനം വാഹനങ്ങളുൾപ്പെടെ പുതുതായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയും ചെയ്തു. എന്നാൽ നിലവിൽ പൊലീസ് സേന നേരിടുന്ന പ്രതിസന്ധി പരിഹരിക്കാതെ ഇങ്ങനെ വാഹനം വാങ്ങിക്കൂട്ടിയിട്ട് എന്ത് പ്രയോജനമാണെന്ന ചോദ്യവും സേനാംഗങ്ങൾ ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.