ജലവിതരണം മുടങ്ങിയിട്ട് ഒരുമാസം; നടപടിയില്ല
text_fieldsകാട്ടാക്കട: കള്ളിക്കാട് വാവോട് പ്രദേശത്ത് ജലവിതരണം മുടങ്ങിയിട്ട് ഒരുമാസം. കുടിവെള്ളം ഇല്ലാതായതോടെ നാട്ടുകാർ പണം മുടക്കി ലോറിയില്‍ വെള്ളമെത്തിക്കുകയാണ്. ജൽജീവൻ പദ്ധതിയിൽ കുടിവെള്ള കണക്ഷൻ കിട്ടിയവരുള്‍പ്പെടെ ദുരിതത്തിലാണ്.
ജൽജീവൻ പദ്ധതി നടപ്പാക്കിയപ്പോൾ പുതിയ കുഴലുകൾ സ്ഥാപിച്ചാണ് ജല വിതരണം നടത്തിയിരുന്നത്. എന്നാൽ ഇതിനിടെ ഒറ്റശേഖരമംഗലം ഭാഗത്തേക്ക് പുതിയ പൈപ്പുകള്‍ സ്ഥാപിച്ചതോടെ പഴയത് മാറ്റി കണക്ഷനുകൾ ഇതിലാക്കി. കൂടാതെ ആടുവള്ളി ഭാഗത്ത് പുതിയ കണക്ഷനുകളും നൽകി. ഇതോടെയാണ് ഉയരമുള്ള പ്രദേശമായ വാവോട് പ്രദേശത്ത് ജലവിതരണം ഇല്ലാതായതെന്നും, ജല അതോറിറ്റിക്ക് പരാതി നൽകിയപ്പോൾ പന്തയിൽ ജലവിതരണ പൈപ്പ് പൊട്ടിയത് കാരണമാണ് വാവോട് വെള്ളം കിട്ടാത്തതെന്ന് അറിയിച്ചതായും നാട്ടുകാർ പറഞ്ഞു.
എന്നാൽ ഒരു മാസമായിട്ടും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ നാട്ടുകാർ ചേർന്ന് ഒരു ലോറിക്ക് 1500 രൂപ നൽകിയാണ് ടാങ്കറിൽ വെള്ളമെത്തിക്കുന്നത്.
പന്തയിൽ ജലവിതരണ കുഴലുകളിലെ ചോർച്ച പരിഹരിക്കാനുള്ള ജോലി നടന്നുവരികയാണ്. മരാമത്ത് വകുപ്പിന്റെ അനുമതി താമസിച്ചതിനാലാണ് പണി വൈകിയത്. കുറച്ചുദിവസം മുമ്പ് വരെ ജല അതോറിറ്റി ഇവിടെ ടാങ്കറിൽ വെള്ളമെത്തിച്ചു നൽകിയിരുന്നു. പാത്രങ്ങളിൽ മാത്രമേ വെള്ളം നൽകാനാവൂ. വീടുകളിലെ ടാങ്കിലേക്ക് ഇതിൽ നിന്നും വെള്ളം അടിയ്ക്കാനാകില്ല. ഇക്കാര്യത്തിൽ തർക്കം വന്നതോടെ ജലവിതരണം നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.