അമിതലോഡുമായി തടി ലോറികൾ; ഭീതി വിട്ടൊഴിയാതെ ഗ്രാമവാസികൾ
text_fieldsകിളിമാനൂർ: റോഡ് നിയമങ്ങളെ ലംഘിച്ച് അമിതലോഡുമായി തടിലോറികൾ തലങ്ങും വിലങ്ങും പായുമ്പോൾ ഗ്രാമീണജനത ഭീതിയിലാണ്.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമേകേണ്ട പൊലീസും മറ്റ് സർക്കാർ സംവിധാനങ്ങളും നിഷ്ക്രിയർ. ഇനിയേത് വാതിലിലാണ് മുട്ടേണ്ടത് എന്നറിയാതെ നിൽക്കുകയാണ് സാധാരണക്കാരായ ജനം.
ദേശീയ-സംസ്ഥാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലമ്പലം-പുതുശ്ശേരിമുക്ക്-തലവിള-പോങ്ങനാട്-കിളിമാനൂർ റോഡിലാണ് ജനജീവന് ഭീഷണിയായി അമിതലോഡുമായി തടി ലോറികൾ ഭീതി വിതക്കുന്നത്.
പകൽനേരങ്ങളിൽ ചെറിയ വാഹനങ്ങളിൽ ഇടറോഡുകളിലൂടെ തടി പ്രധാന റോഡിലെത്തിക്കും. തുടർന്ന് വലിയ ലോറികളിൽ രാത്രികാലങ്ങളിൽ ദൂരദേശങ്ങളിലേക്ക് കടത്തുകയാണ് പതിവ്.
അധികമായ ഉയരത്തിലും വീതിയിലും നിറക്കുന്നതോടെ എതിർദിശയിൽനിന്നോ പിന്നിൽനിന്നോ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. മാത്രമല്ല, വഴിയരികിലെ വൈദ്യുതിക്കാലുകളിലെ കേബിൾ കണക്ഷനുകൾ പൊട്ടിക്കുക പതിവാണ്.
തലവിളമുക്ക്-കാട്ടുചന്തമേഖലയിലുള്ളവരെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. കാട്ടുചന്തയിൽ കഴിഞ്ഞദിവസവും വൈദ്യുതക്കാലുകൾ തടി ലോറികൾ തകർത്തു. ഇവ ചോദ്യം ചെയ്യുന്നവരെ ഉടമകളുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുക പതിവാണ്. ഒരാഴ്ച മുമ്പ് പോങ്ങനാട് ഭാഗത്ത് വൈദ്യുതക്കാൽ ഇടിച്ചുതകർത്ത തടി ലോറിയെ നാട്ടുകാർ തടഞ്ഞിട്ടു.
വൈദ്യുതത്തൂണുകൾ തകർത്താലും ഇവർക്കെതിരെ നടപടിയെടുക്കാൻ കെ.എസ്.ഇ.ബി മടവൂർ സെക്ഷനിലെ ഉദ്യോഗസ്ഥർ തയാറാകുന്നില്ലത്രെ.
പൊലീസിൽ പരാതി നൽകിയിട്ടും അവരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ഇവരിൽനിന്ന് വൻതുക കൈക്കൂലി വാങ്ങി ഇവർക്ക് വേണ്ട ഒത്താശ ചെയ്യുന്നതായും നാട്ടുകാർ പറയുന്നു.
കല്ലമ്പലം, കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമേഖല. അമിതഭാരവുമായി ലോറികൾ യാത്ര തുടങ്ങിയതോടെ അടുത്ത കാലത്ത് നിർമിച്ച പോങ്ങനാട്- പുതുശ്ശേരിമുക്ക് റോഡിലെ കീഴ്പേരൂർ പാലം അപകടക്കെണിയായിട്ടുണ്ട്. റോഡിന്റെ ഒരുവശം താഴ്ന്ന നിലയിലാണ്.
ആർ.ടി.ഒയും പി.ഡബ്ല്യു.ഡിയും ഈ വിഷയത്തിൽ വേണ്ടത്ര ഇടപെടുന്നില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.