മടവൂരിൽ പ്ലാസ്റ്റിക് സംഭരണകേന്ദ്രം കത്തിനശിച്ചു
text_fieldsകിളിമാനൂർ: മടവൂർ പഞ്ചായത്തിലെ ചന്തക്കുള്ളിൽ പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ സംഭരിക്കുന്ന കെട്ടിടം കത്തിനശിച്ചു.
ഹരിത കർമസേന വീടുകളിൽനിന്നും കടകളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സംഭരിക്കുന്ന കെട്ടിടമാണ് കത്തിനശിച്ചത്. നാല് ലോഡ് പാഴ്വസ്തുക്കൾ, കെട്ടിടം എന്നിവ പൂർണമായും കത്തിയമർന്നു. കഴിഞ്ഞദിവസം ഉച്ചക്ക് 1.30ഓടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പ്ലാസ്റ്റിക് വസ്തുക്കളിൽ തീ കത്തി വൻതോതിൽ കറുത്തപുകയും ഗന്ധവും ഉയർന്നതോടെ നാട്ടുകാരെത്തി തീയണക്കാൻ ശ്രമിച്ചു.
അഗ്നിരക്ഷാ സേനയുടെ കല്ലമ്പലം, ആറ്റിങ്ങൽ, കടയ്ക്കൽ നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. കുറച്ച് ബാഗുകൾ മാത്രമാണ് തീ നിയന്ത്രണ വിധേയമാക്കിയ ശേഷം പുറത്തേക്ക് മാറ്റാനായത്. മടവൂരിലെ പ്രധാന കവലയായ മാർക്കറ്റ് ജങ്ഷനോട് ചേർന്ന് ചന്തയുടെ വളപ്പിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
തൊട്ടടുത്ത് കടകളും വീടുകളും വില്ലേജ് ഓഫിസ് അടക്കമുള്ളവയെല്ലാമുണ്ട്. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽമൂലം വൻ അപകടം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.