പിടികൂടിയ മാലിന്യവാഹനം റോഡിൽ ഉപേക്ഷിച്ച് പൊലീസ്
text_fieldsകിളിമാനൂർ: പിടികൂടിയ മാലിന്യവാഹനം പൊതുനിരത്തിൽ ഉപേക്ഷിച്ച് പൊലീസ് തടിതപ്പി. സമീപത്തെ വീട്ടുകാരും വഴിയാത്രക്കാരും ദുർഗന്ധം സഹിച്ച് തള്ളിനീക്കിയത് ഒരു രാവും പകലും. നാട്ടുകാർ പ്രതിഷേധമറിയിച്ചിട്ടും പൊലീസ് അനാസ്ഥ തുടരുന്നു.
കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രി 10നാണ് മാലിന്യം കയറ്റിവന്ന കെ.എൽ 41 ടി 1899 വാഹനം പൊലീസ് പിടികൂടിയത്. തെരുവോരങ്ങളിൽ മാലിന്യം തള്ളുന്നെന്ന പരാതിയെ തുടർന്നായിരുന്നു അടച്ചുമൂടിയ നിലയിൽ വന്ന പിക് അപ് വാൻ കിളിമാനൂർ പൊലീസ് പിടികൂടിയത്. കോഴി വേസ്റ്റ് അടക്കം മാലിന്യങ്ങളാണെന്ന് മനസ്സിലാക്കിയ പൊലീസ് വാഹനം സ്റ്റേഷനിലെത്തിക്കാതെ കിളിമാനൂർ ടൗണിനോട് ചേർന്ന വലിയ പാലത്തിന് സമീപം നിർത്തിയിട്ടശേഷം ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. പാലത്തിന് സമീപത്തായാണ് സർക്കാർ ജീവനക്കാരടക്കം വാഹനം പാർക്ക് ചെയ്ത് ജോലി സ്ഥലത്തേക്ക് പോകുന്നത്. മേഖലയിൽ രൂക്ഷമായ ദുർഗന്ധം പടർന്നു. സമീപത്തെ ആറ്റിൽ മാലിന്യം നിക്ഷേപിച്ചെന്ന് സംശയിച്ച് പലരും നിരീക്ഷണം നടത്തി. ഇതിനിടയിൽ വാഹനത്തിൽനിന്ന് മലിനജലം റോഡിലൂടെ ഒഴുകി പ്രദേശമാകെ ദുർഗന്ധം പടർന്നു. സമീപത്ത് ക്ഷേത്രവും സർക്കാർ യു.പി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. വിഷയം അറിയിച്ചിട്ടും പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. വൈകുന്നേരത്തോടെ സമീപത്തെ താമസക്കാരിയായ പെൺകുട്ടി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. ചിത്രങ്ങളടക്കം പരാതി അധികൃതർക്ക് നൽകുമെന്ന് പെൺകുട്ടി പറഞ്ഞു. ദുർഗന്ധംമൂലം ഉച്ചഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ലെന്ന് പ്രദേശവാസികൾ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.