സമരങ്ങൾ നേരിടാൻ കോവിഡ് ബാധിതരുമായി സമ്പർക്കമുള്ള പൊലീസുകാർ
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ സമരത്തിനെത്തുന്നവരെ നേരിടാൻ നിയോഗിക്കുന്ന പൊലീസുകാരിൽ പലരും കോവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കമുള്ളവർ.
പൊലീസുകാരിൽ പലരും രോഗബാധിതരായതോടെയാണ് പ്രാഥമിക സമ്പർക്കത്തിലുള്ളവരെ സെക്രേട്ടറിയറ്റ് സമരം നേരിടാൻ നിയോഗിച്ചത്. കരമന സ്റ്റേഷനിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ എസ്.ഐ അടക്കം 11 പൊലീസുകാർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്.
മുൻകരുതൽ സ്വീകരിക്കാത്തതാണ് ഇത്രയുംപേർക്ക് രോഗംപകരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനിൽ ഡ്യൂട്ടിയെടുത്ത പൊലീസുകാർക്ക് കോവിഡാണെന്ന് അറിഞ്ഞിട്ടും ഇവരുമായി നേരിട്ട് ഇടപെട്ട ആറ് പൊലീസുകാരെ കഴിഞ്ഞദിവസം സമരക്കാരെ നേരിടാൻ സെക്രേട്ടറിയറ്റിന് മുന്നിൽ നിയോഗിച്ചു.
ഇതിൽ ഒരാൾക്ക് ശനിയാഴ്ച പനിയടക്കം രോഗലക്ഷണങ്ങൾ കണ്ടെത്തി. സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഇയാളെ നിരീക്ഷണത്തിൽ പോകാൻ കരമന എസ്.എച്ച്.ഒ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ പരിശോധന തിങ്കളാഴ്ച നടത്തും.
കരമന സ്റ്റേഷനിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഡ്യൂട്ടി ക്രമീകരണം വരുത്താൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ഇനിയും 17ഓളം പൊലീസുകാരുടെ പരിശോധന നടത്താന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും രോഗികളുമായി നേരിട്ട് ഇടപെട്ടവരാണ്.
സെക്രേട്ടറിയറ്റ് ഡ്യൂട്ടിക്കും രാത്രിയും പകലുമുള്ള പട്രോളിങ്ങിനും സ്റ്റേഷനിലെത്തുന്ന പരാതിക്കാരെ കേൾക്കുന്നതും പരാതി സ്ഥലങ്ങൾ സന്ദർശിക്കുന്നതും രോഗികളുമായി നേരിട്ട് ഇടപെട്ട ഈ പൊലീസുകാരാണ്. കൂടുതൽ ശ്രദ്ധപുലർത്തിയില്ലെങ്കിൽ രോഗവ്യാപനത്തിന് ഇത് ഇടയാക്കുമെന്ന ആരോപണം ശക്തമാണ്.
എന്നാൽ, രോഗികളുമായി സമ്പർക്കമുള്ളവർ ഇപ്പോൾ നിരീക്ഷണത്തിൽ പോകണ്ട ആവശ്യമില്ലെന്നും കൂടുതൽ അടുത്ത് ഇടപഴകിയവരെ മാത്രമാണ് ക്വാറൻറീനിലേക്ക് വിടുന്നതെന്നും ഫോര്ട്ട് എ.സി.പി പ്രതാപചന്ദ്രന് നായര് 'മാധ്യമ'ത്തോട് പറഞ്ഞു.
കെ.എസ്.യു ജില്ല പ്രസിഡൻറിന് കോവിഡ്
തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത കെ.എസ്.യു ജില്ല പ്രസിഡൻറിന് കോവിഡ്. സെയ്ദലി കായ്പ്പാടിയുടെ പരിശോധനഫലമാണ് കഴിഞ്ഞദിവസം പോസിറ്റീവായത്.
ഇതോടെ ഇദ്ദേഹത്തിനൊപ്പം സമരത്തിൽ പങ്കെടുത്തവരും സമര കേന്ദ്രങ്ങളിലുണ്ടായിരുന്ന പൊലീസുകാരും കോവിഡ് ഭീഷണിയിലായി.
സെപ്റ്റംബർ 14 വരെ നടന്ന സമരങ്ങളിൽ സജീവമായി സെയ്ദലി പങ്കെടുത്തിരുന്നു. നേതാക്കളോടും അണികളോടും അടുത്തിടപഴകുകയും ചെയ്തു. 15ന് ഇയാൾ സ്വയം നിരീക്ഷണത്തിൽ പോയി. ശനിയാഴ്ച പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.