വിധിയെഴുത്തിന് പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു ; തിരുവനന്തപുരത്ത് സജ്ജമാവുന്നത് 4164 ബൂത്തുകള്‍
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനായി ജില്ലയിലെ പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി ഒരു ബൂത്തില്‍ പരമാവധി 1,000 പേര്‍ക്കാണ് വോട്ട് ചെയ്യാനാകുക. അതിനാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായിരുന്ന 2,736 പോളിങ് ബൂത്തുകളുടെ സ്ഥാനത്ത് 1,428 ഓക്സിലിയറി പോളിങ് ബൂത്തുകളടക്കം 4,164 ബൂത്തുകളിലാണ് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഈ ബൂത്തുകളിലെല്ലാം അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഭിന്നശേഷിക്കാര്‍ക്കുള്ള റാംപുകള്‍ ഇല്ലാത്ത ബൂത്തുകളില്‍ ഈ മാസം 15ന് മുമ്പ് അവ സജ്ജമാക്കാന്‍ പൊതുമരാമത്ത് വകുപ്പിനും നിര്‍മിതി കേന്ദ്രത്തിനും കലക്ടര്‍ നിര്‍ദേശം നല്കി. ഓക്സിലിയറി ബൂത്തുകളിലടക്കം എല്ലായിടത്തും വൈദ്യുതി ലഭ്യത ഉറപ്പാക്കും. കെ.എസ്.ഇ.ബി എല്ലാ ബൂത്തിലും പ്രത്യേക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. ഓക്സിലിയറി ബൂത്തുകളില്‍ ജില്ലാ ശുചിത്വ മിഷെൻറ നേതൃത്വത്തില്‍ ബയോ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ജലവിതരണത്തിന് സ്ഥിരം സംവിധാനമില്ലാത്ത ബൂത്തുകളില്‍ വാട്ടര്‍ ടാങ്കുകള്‍ മുഖേന ജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും നിര്‍ദേശം നല്കി.എല്ലാ ബൂത്തിലും നെറ്റ്്വര്‍ക്ക് കവറേജ് ഉറപ്പാക്കാന്‍ ബി.എസ്.എന്‍.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെറ്റ്വര്‍ക്ക് കവറേജില്ലാത്ത പ്രദേശങ്ങളില്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതും ആലോചിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്. അഹമ്മദ് കബീര്‍, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, നിര്‍മിതികേന്ദ്രം, ബി.എസ്.എൻ.എല്‍, വിദ്യാഭ്യാസവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നാലിലധികം പോളിങ് ബൂത്തുള്ള സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷ
തിരുവനന്തപുരം: ജില്ലയില്‍ നാലില്‍ കൂടുതല്‍ പോളിങ് ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിനിയോഗിച്ച് സുരക്ഷ ശക്തമാക്കുമെന്ന് കലക്ടർ ഡോ. നവ്ജ്യോത് ഖോസ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊലീസ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ എല്ലാ ഓക്സിലറി ബൂത്തിലും പൊലീസിെൻറ സേവനം ഉറപ്പാക്കും. സിറ്റി, റൂറല്‍ പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും. ആവശ്യമെങ്കില്‍ ഗ്രൂപ് പട്രോളിങ്ങും നടത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ പൊലീസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിവരിച്ചു.
യോഗത്തില്‍ റൂറല്‍ പൊലീസ് മേധാവി പി.കെ. മധു, ഡി.സി.പി പി.എ മുഹമ്മദ് ആരിഫ്, എ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.