പൊങ്കാലക്കല്ലുകൾ മൊത്തം ശേഖരിച്ചില്ല; പലയിടത്തും റോഡിൽ
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും പാവങ്ങൾക്കായി ശേഖരിക്കുമെന്ന് പ്രഖ്യാപിച്ച ചുടുകല്ലുകൾ പൂർണമായി നീക്കാനാകാതെ കോർപറേഷൻ. പലയിടങ്ങളിലും ശുചീകരണത്തൊഴിലാളികൾ ശേഖരിച്ച കല്ലുകൾ വാഹനങ്ങൾ കയറി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കല്ലുകൾ ശേഖരിക്കുന്നതിൽ മുൻ വർഷത്തെ അപേക്ഷിച്ച് വളന്റിയർമാരുടെ അഭാവമാണ് കോർപറേഷന് തിരിച്ചടിയായത്. പൊങ്കാല ശുചീകരണത്തിനൊപ്പം തന്നെ കല്ലുകളും ശേഖരിക്കുമെന്നായിരുന്നു മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിരുന്നത്. ഇതിനായി വിവിധ സന്നദ്ധ സംഘങ്ങളും സഹകരണം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നു.
52 വാർഡുകളിലായിരുന്നു ഇത്തവണ പൊങ്കാലക്കലങ്ങൾ നിറഞ്ഞത്. എന്നാൽ, കടുത്ത ചൂടിൽ സന്നദ്ധപ്രവർത്തകരെല്ലാം തളർന്നതോടെ പൊങ്കാലദിനത്തിൽ 24 ലോഡ് കല്ലുകൾ മാത്രമാണ് പുത്തരിക്കണ്ടം മൈതാനിയിലേക്ക് എത്തിയത്. തുടർന്നുള്ള ദിവസം കല്ലുകൾ നീക്കേണ്ട ചുമതല കോർപറേഷൻ ജീവനക്കാർക്കായി. ഇന്നലെ വരെ 95 ലോഡ് കല്ലുകൾ നീക്കിയതായി കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു. മുൻവർഷങ്ങളിൽ പൊങ്കാലക്കു ശേഷം ശുചീകരണവേളയിൽ തന്നെ കല്ലുകൾ സുരക്ഷിതമായി നടപ്പാതകൾക്കു സമീപം അടുക്കിവെക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ നടപ്പാതകളിലും റോഡുകളിലും നിരനിരയായും അലക്ഷ്യമായും കൂട്ടിയിട്ടിരിക്കുകയാണ്.
നന്താവനത്തും വാൻറോസ് ജങ്ഷനിലും വാഹനങ്ങൾ കയറി കല്ലുകൾ പൊട്ടിപ്പൊളിഞ്ഞു. മ്യൂസിയം ജങ്ഷൻ, നന്താവനം, വാൻറോസ് ജങ്ഷൻ, ചാക്ക, വഞ്ചിയൂർ, പ്രസ് റോഡ്, ഗാന്ധാരി അമ്മൻ കോവിൽ പരിസരം എന്നിവിടങ്ങളിലടക്കം ചുടുകല്ലുകൾ റോഡരികിലും നടപ്പാതകളിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ചുടുകല്ലുകൾ ചിലർ മനഃപൂർവം നശിപ്പിച്ചെന്നും പരാതിയുണ്ട്. കല്ലുകൾ ശേഖരിക്കാനെത്തിയ തൊഴിലാളികൾ ഇത് നഗരസഭയെ അറിയിച്ചു. തുടർന്ന്, മുറിക്കല്ലുകളും ശേഖരിക്കാൻ നിർദേശിച്ചു. അതേസമയം പൊങ്കാലയോടനുബന്ധിച്ച് 246 ലോഡ് മാലിന്യമാണ് കോർപറേഷൻ ഇതുവരെ നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.