കൈത്തറിത്തൊഴിലാളികളെ കേട്ട് രാഹുൽ
text_fieldsതിരുവനന്തപുരം: ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ട് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നെയ്യാറ്റിൻകരയിലെത്തിയപ്പോഴാണ് തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചക്ക് സമയം കണ്ടെത്തിയത്. നെയ്ത്ത് ജോലിക്ക് പ്രതിഫലം കുറവാണെന്നും കഷ്ടത നിറഞ്ഞ ജീവിതമാണെന്നും തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ വിലവർധന ചെറുകിട സംരംഭകർക്ക് വെല്ലുവിളിയാണ്. പുതുതലമുറയിലെ ആരും തന്നെ ഈ തൊഴിലിലേക്ക് വരുന്നില്ലെന്ന് പറഞ്ഞ തൊഴിലാളികൾ തങ്ങളുടെ ദുരവസ്ഥയിൽ പോംവഴി കാണണമെന്നും രാഹുലിനോട് ആവശ്യപ്പെട്ടു.
തൊഴിലാളികളെ നൂൽ നൂൽക്കുന്നവരായല്ല, പരമ്പരാഗത വ്യവസായത്തെ ഇന്നും സംരക്ഷിച്ചുപോരുന്നവരായാണ് കാണുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബാലരാമപുരത്തെ കൈത്തറി വസ്ത്രനിർമാണം പ്രത്യേകതരം സംസ്കാരമാണ്. അത് നിലനിർത്തുന്നതിൽ തൊഴിലാളികളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു.
പുതിയ ഡിസൈനുകൾ പരീക്ഷിച്ച് കൂടുതൽ മികവിലേക്ക് തൊഴിലാളികൾ ഉയർന്നുവരണമെന്നും രാഹുൽ പറഞ്ഞു. എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും തൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പികുകയും ചെയ്താണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
തൊഴിലാളികൾ കൈത്തറിയിൽ നിർമിച്ച കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയുടെ രൂപം രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു. കെ.സി വേണുഗോപാൽ, ജയറാം രമേശ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, എം. വിൻസന്റ്, പി.സി വിഷ്ണുനാഥ്, റോജി എം. ജോൺ എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.