മഴ തുടരും; ഓറഞ്ച് അലർട്ടിലേക്ക് മാറി, 87 ലക്ഷത്തിന്‍റെ കൃഷിനാശം
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ പ്രഭാവംമൂലം രണ്ടാംദിനവും ജില്ലയിൽ മഴ. മലയോരമേഖലയിൽ അടക്കം മഴയുടെ തീവ്രത കുറഞ്ഞതോടെ റെഡ് അലർട്ടിൽനിന്ന് ഓറഞ്ച് അലർട്ടിലേക്ക് തലസ്ഥാനം മാറി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രിമാരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലതല അവലോകനയോഗം വിലയിരുത്തി. നാശനഷ്ടങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായി വിലയിരുത്തുമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കുന്നത് വേഗത്തിലാക്കുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി ആന്‍റണി രാജു പറഞ്ഞു. വരുംദിവസങ്ങളിൽ മഴ ദുർബലമാകുമെന്നാണ് വിലയിരുത്തൽ.
ബുധനാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. കഴിഞ്ഞ ദിവസത്തെ മഴയിൽ 87 ലക്ഷത്തിന്‍റെ കൃഷിനാശമാണ് പ്രാഥമികമായി വിലയിരുത്തൽ. മണ്ണിടിച്ചില്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ മണ്ണ് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നെടുമങ്ങാട് 19 കുടുംബങ്ങളെ ക്യാമ്പിലും 20 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കാട്ടാക്കട താലൂക്കില്‍ ഒരു കുടുംബത്തിലെ രണ്ടുപേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 83.46 അടിയാണ് നെയ്യാര്‍ഡാമിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടയ്ക്കും.
പൊന്മുടി റോഡില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് പൂര്‍ണമായും മാറ്റി. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ ദ്രുതകര്‍മസേനയും സജ്ജമാണ്. കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ആഗസ്റ്റ് നാലുവരെ മത്സ്യബന്ധനത്തിന് പോകരുതെന്നും ജാഗ്രത നിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ജി.ആർ. അനിൽ നിർദേശിച്ചു.
താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മഴയ്ക്ക് ശേഷം ഉണ്ടാകുന്ന പ്രതിസന്ധികള്‍ ഉടൻ പരിഹരിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കലക്ടര്‍ ജെറോമിക് ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ശശി, ഡി.കെ. മുരളി, എം. വിന്‍സെന്റ്, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, ഒ.എസ്. അംബിക, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, സബ് കലക്ടര്‍ എം.എസ്. മാധവിക്കുട്ടി, എ.ഡി.എം അനില്‍ ജോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.കെ. വിനീത്, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.