അപകടമൊഴിയാതെ ദേശീയപാത
text_fieldsമംഗലപുരം: ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ദേശീയപാതയിൽ വിവിധ ഇടങ്ങളിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 16 ജീവനുകളാണ്. ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലുള്ളത് 50 ഓളം പേർ. ദേശീയപാതയിൽ തോന്നയ്ക്കൽ മുതൽ വെട്ടുറോഡ് വരെയുള്ള സ്ഥലങ്ങളിൽ മാത്രം നടന്ന അപകടങ്ങളുടെ എണ്ണമാണിത്.
ദേശീയപാത വീതികൂട്ടൽ നടക്കുന്നതിനാൽ ഉണ്ടായിരുന്ന തെരുവുവിളക്കുകൾ എടുത്തുമാറ്റിയതടക്കം അപകടത്തിന് കാരണമേറെയാണ്. നിർമാണത്തിന്റെ ഭാഗമായി റോഡ് വശത്ത് കുന്നുകൂട്ടിയിട്ടിരിക്കുന്ന മൺകൂനകളിലും അപകടം പതിവായി. മരിച്ചവർ ഏറെയും ബൈക്ക് യാത്രികരാണ്. നിർമാണം നടക്കുന്നതിന്റെ ഭാഗത്ത് താൽക്കാലിക ലൈറ്റുകൾ സ്ഥാപിക്കണമെന്ന് നേരേത്തതന്നെ മംഗലപുരം െപാലീസ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
അമിത വേഗം നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും ദേശീയപാതയിൽ ഇപ്പോൾ ഇല്ല. ഇതും അപകടത്തിന്റെ തീവ്രത കൂട്ടി. നിർമാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ബോർഡ് പോലും ദേശീയപാതയിൽ മിക്കയിടത്തും ഇല്ല. കഴിഞ്ഞദിവസം റോഡ്പണിക്കായി കൂട്ടിയിട്ടിരുന്ന മണ്ണിൽ ഇടിച്ച് ബൈക്ക് യാത്രികൻ റോഡിൽ വീണതിന് പിന്നാലെ വന്ന കാറ് കയറി ഇറങ്ങി മരിക്കുകയായിരുന്നു. അപകടം കൂടുതലും സംഭവിക്കുന്നത് രാത്രിയിലാണ്.
റോഡ് നിർമാണം നടക്കുന്നതിനാൽ ഹൈവേ െപാലീസിന്റെയും കൺട്രോൾ റൂമിന്റെയും സഹായം രാത്രി ലഭ്യമാകാറില്ല. അപകടങ്ങൾക്ക് പുറമേ രാത്രികാലങ്ങളിൽ പിടിച്ചുപറിയും പ്രദേശത്ത് കൂടുതലാണ്.
ദേശീയപാതയിലെ സുരക്ഷിതത്വം ഉറപ്പാക്കാനും അപകടങ്ങൾ കുറക്കാനും ഇനിയും ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.