റിട്ട. പ്രഫസറെ മർദിച്ച സംഭവം; റെയ്ഞ്ച് ഓഫിസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ്
text_fieldsപാലോട്: കാറിൽ യാത്ര ചെയ്ത റിട്ട. കോളജ് അധ്യാപകനെയും മകനെയും വനംവകുപ്പ് ഉദ്യോഗസ്ഥന് മര്‍ദിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പാലോട് റെയ്ഞ്ച് ഓഫിസർക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണ ഭാഗമായി റെയ്ഞ്ച് ഓഫിസിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. ഇതിനായി പൊലീസ് അപേക്ഷ നൽകി. പെരിങ്ങമ്മല ഇക്ബാൽ ട്രെയിനിങ് കോളജ് റിട്ട. പ്രഫ. ഡോ. എ. ബൈജുവിനെയും മകനെയുമാണ് പാലോട് റെയ്ഞ്ച് ഓഫിസർ സുധീഷ് അകാരണമായി മർദിച്ചത്. സംഭവത്തിൽ റെയ്ഞ്ച് ഓഫിസർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വനംമന്ത്രി, വനംമേധാവി, ഡി.എഫ്.ഒ എന്നിവർക്ക് ഡോ. ബൈജു പരാതി നൽകി. പുറമെ സ്വന്തം നിലക്കും കോടതിയെ സമീപിക്കാനും ഡോ. ബൈജു തീരുമാനിച്ചിട്ടുണ്ട്.
25ന് പുലര്‍ച്ചെ കല്ലറയില്‍നിന്ന് പാലോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം. മൈലമൂട് എത്തിയപ്പോൾ ആദ്യം രണ്ടുപേർ കൈകാണിച്ചു. ഒറ്റപ്പെട്ട സ്ഥലമായ മൈലമൂട് സുമതിയെക്കൊന്ന വളവ് ആയതിനാൽ കാർ നിർത്തിയില്ലെന്ന് ബൈജു പറയുന്നു. തുടർന്ന് പാണ്ഡ്യൻ പാറ എത്തിയപ്പോൾ രണ്ടുപേർ കൈകാണിച്ചു. കാർ നിർത്തിയപ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. ഇരുവരും ഔദ്യോഗിക വേഷത്തിലല്ലായിരുന്നു. ഇവര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. അവിടെനിന്ന് പാലോട് ഫോറസ്റ്റ് ഓഫിസിനു മുന്നിലെത്തിയപ്പോൾ വനം വകുപ്പിന്റെ ജീപ്പ് കാർ തടഞ്ഞു.
പുറത്തിറങ്ങിയപ്പോള്‍ ഓഫിസിനുള്ളിൽനിന്ന് താൻ റെയ്ഞ്ച് ഓഫിസറാണ് എന്നുപറഞ്ഞ് സുധീഷ് ഇറങ്ങിവന്ന് കോളറിൽ കുത്തിപ്പിടിച്ച് അകത്തേക്ക് കൊണ്ടുപോയി മകന്റെ മുന്നിൽവെച്ച് മർദിച്ചെന്നാണ് പരാതി. ഇദ്ദേഹത്തിന്റെ ചെവിക്കും കവിളെല്ലിനും പരിക്കുണ്ട്. വനത്തിൽ അതിക്രമിച്ചുകയറിയെന്ന് വനംവകുപ്പ് കള്ളക്കേസെടുത്തെന്നും ബൈജു പറയുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ വണ്ടിക്കുള്ളിൽനിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. കോഴിക്കോട് ഒരു സ്ഥാപനത്തിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് മകന്റെ ചില ഔദ്യോഗിക രേഖകൾ മാത്രമാണ് ലഭിച്ചത്.
വനം വകുപ്പ് റെയ്ഞ്ച് ഓഫിസറുടെ പേരിൽ കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. വനംവകുപ്പ് ജീവനക്കാരുടെ മൊഴിയെടു ത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾകൂടി ശേഖരിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും പാലോട് പൊലീസ് അറിയിച്ചു. അതേസമയം പൊലീസ് റിപ്പോർട്ട് കിട്ടുന്ന മുറക്ക് വകുപ്പുതല നടപടി ഉണ്ടാകുമെന്ന് ഡി.എഫ്.ഒ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.