ജപ്തി ഭീഷണിയിൽ സഞ്ജുവിന്റെ ഒളിമ്പിക്സ് സ്വപ്നം
text_fieldsതിരുവനന്തപുരം: ജപ്തി ഭീഷണിയും സാമ്പത്തിക പരാധീനതകളും തീർത്ത പ്രതിബന്ധങ്ങളിൽ ഒളിമ്പിക്സ് മെഡൽ സ്വപ്നം കണ്ട് അന്താരാഷ്ട്ര താരം.
മലയാളിക്ക് ഏറെ പരിചിതമല്ലാത്ത കിക്ക് ബോക്സിങ്ങിൽ ഇന്ത്യക്കായി ഒളിമ്പിക്സിൽ പങ്കെടുത്ത് ജയിക്കുന്നത് സ്വപ്നം കാണുന്ന തിരുവനന്തപുരം സ്വദേശി എം.എസ്. സഞ്ജുവെന്ന 24 കാരിക്ക് മുന്നോട്ടുള്ള പ്രയാണം എങ്ങനെയെന്നതിൽ ഒരുപിടിയുമില്ല.
ഡിസംബർ 10ന് തായ്ലൻഡിൽ ആരംഭിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാളെ യാത്ര തിരിക്കണം. എന്നാൽ, രണ്ടര ലക്ഷത്തിൽ കൂടുതൽ രൂപയാണ് ടിക്കറ്റിനും മറ്റ് ചെലവുകൾക്കുമായി വേണ്ടത്. അതെങ്ങനെയുണ്ടാക്കുമെന്നറിയാതെ വലയുകയാണ് താരം. സാമ്പത്തിക പ്രതിസന്ധി കാരണം യാത്ര സാധ്യമാകുമോയെന്നാണ് ആശങ്ക.
ബോക്സിങ്ങിനെ സ്നേഹിക്കുന്ന വ്യക്തികളോ സംഘടനകളോ സ്പോൺസർഷിപ്പുമായി വന്നാലേ ഇനി യാത്ര സാധ്യമാകൂ.
സ്പോൺസർഷിപ് വാഗ്ദാനം നൽകിയയാൾ അവസാനഘട്ടത്തിൽ പിന്തിരിഞ്ഞതാണ് പ്രതിസന്ധിയായത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ബി.എസ്സി മാത്തമാറ്റിക്സ് പഠിച്ച സഞ്ജു ബ്രഹ്മോസിൽ കുറച്ചുകാലം താൽക്കാലികമായി ജോലി ചെയ്തു. ബോക്സിങ്ങിനോട് കുട്ടിക്കാലം മുതൽ ഇഷ്ടം തോന്നി പരിശീലനം ആരംഭിച്ച സഞ്ജു മൂന്നുവർഷം മുമ്പാണ് കിക്ക് ബോക്സിങ്ങിലേക്ക് തിരിഞ്ഞത്.
ഉസ്ബകിസ്താനിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ വെങ്കലം, ഓപൺ ചാമ്പ്യൻഷിപ്പിൽ വെള്ളി, രണ്ടു വർഷമായി ദേശീയ തലത്തിൽ സ്വർണം എന്നിവ നേടിയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കല്ലിയൂർ കാവുങ്ങൽ പുത്തൻ വീട്ടിൽ ചുമട്ടുതൊഴിലാളിയായ എസ്. സജിയുടെയും മഞ്ജുവിന്റെയും മകളാണ്. തുച്ഛ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
വീട് ജപ്തിഭീഷണിയിലും. അമ്മൂമ്മയുടെ ചികിത്സ ചെലവടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം.
സഹായത്തിന് മന്ത്രിയെ ഉൾപ്പെടെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. കിക്ക് ബോക്സിങ്ങിന് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമില്ലാത്തതിനാൽ സർക്കാർതല സഹായങ്ങളും ലഭ്യമല്ല.
തനിക്കൊപ്പം അന്താരാഷ്ട്ര മെഡൽ ലഭിച്ച താരങ്ങൾക്ക് അവരുടെ സംസ്ഥാനങ്ങൾ ലക്ഷങ്ങൾ സമ്മാനം നൽകുമ്പോഴാണ് മീറ്റിൽ പങ്കെടുക്കാൻ പോകാൻ കഴിയാതെ മലയാളി താരം വലയുന്നത്. തിരുവല്ലം സ്വദേശി എ.എസ്. വിവേകാണ് പരിശീലകൻ. ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇദ്ദേഹം റഫറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.