ശാന്തിതീരം പൊതുശ്മശാനം കാടുപിടിച്ച് നശിക്കുന്നു
text_fieldsകഴക്കൂട്ടം: തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിന്റെ മാതൃകയിൽ മൂന്നരവർഷം മുമ്പ് കഴക്കൂട്ടത്ത് നിർമാണമാരംഭിച്ച ശാന്തിതീരം പൊതുശ്മശാനം കാടുപിടിച്ച് നശിക്കുന്നു. 2019ൽ വി.കെ. പ്രശാന്ത് മേയറായിരിക്കുമ്പോഴാണ് നഗരസഭ രണ്ടു കോടിയോളം രൂപ ചെലവിട്ട് ശാന്തിതീരം നിർമാണം ആരംഭിച്ചത്.
വൈദ്യുതി ശ്മശാനം നിർമിക്കാനാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും റെയിൽവേ അനുമതി നൽകാത്തതിനാൽ ഗ്യാസ് ശ്മശാനമാക്കി. രണ്ടരവർഷം മുമ്പ് പ്രധാന കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ഗ്യാസ് അടുപ്പും മറ്റും സ്ഥാപിച്ചിട്ടില്ല. പിന്നീട് വന്ന മേയർ ഉടൻ ഇത് പൂർത്തിയാക്കുമെന്ന് പറഞ്ഞിട്ടും ഒരു നടപടിയുമായിട്ടില്ല. നിലവിലെ വാർഡ് കൗൺസിലർക്ക് പദ്ധതിയെപ്പറ്റി ധാരണയില്ലെന്ന് ആക്ഷേപമുണ്ട്.
നഗരസഭയിലെ പന്ത്രണ്ടോളം വാർഡുകൾക്കും സമീപ പഞ്ചായത്തുകൾക്കും ഗുണകരമാകേണ്ട പദ്ധതിയാണ് അധികൃതരുടെ അലംഭാവംമൂലം നശിക്കുന്നത്. ചുറ്റും കാടുപിടിച്ച് സമൂഹികവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി മാറി. പൂന്തോട്ടത്തിന്റെയും പാർക്കിങ് ഗ്രൗണ്ടിന്റെയും നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.
ഇതിനിടയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം ഏറ്റെടുത്ത കരാറുകാരൻ മരിച്ചു. തുടർന്ന് ചെന്നൈയിലെ മറ്റൊരു കമ്പനിക്ക് നഗരസഭ കരാർ നൽകി. ഈ കരാർ കമ്പനി കൊണ്ടുവന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഫർണസ് അളവിൽ വ്യത്യാസം വന്നതോടെ സ്ഥാപിക്കാൻ കഴിയാതെവന്നു. അത് തിരിച്ചുകൊണ്ടുപോയതല്ലാതെ പിന്നീട് യാതൊരു നടപടിയുമില്ല. ഇപ്പോൾ ചെന്നൈയിലെ കമ്പനിയും കരാർ ഉപേക്ഷിച്ച മട്ടിലാണ്. അലംഭാവം വെടിഞ്ഞ് എത്രയും വേഗം പണി പൂർത്തിയാക്കി ശാന്തിതീരം പ്രവർത്തനമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.