തിരുവനന്തപുരം മെഡിക്കൽ കോളജിന് സപ്തതി
text_fieldsതിരുവനന്തപുരം: സപ്തതി നിറവിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് തിലകക്കുറിയായി പ്രൗഢിയോടെ നിലനിൽക്കുന്ന തലസ്ഥാനത്തെ മെഡിക്കൽ കോളജ് 70ന്‍റെ നിറവിലെത്തി.
ഇതിന്‍റെ ഭാഗമായി കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ അലുമ്നിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ, കേരള ആരോഗ്യ സർവകലാശാല, ആർ.സി.സി, ഗവ. ഡെന്‍റൽ കോളജ്, ഗവ. നഴ്സിങ് കോളജ്, ശ്രീചിത്ര മെഡിക്കൽ സയൻസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ല ഘടകം, കോളജ് യൂനിയൻ എന്നിവ സംയുക്തമായാണ് ആഗസ്റ്റ് 26, 27, 28 തീയതികളിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
1951ൽ ആരംഭിച്ച ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവാണ്. കേരളത്തിലെ ആദ്യത്തേതും ഏറ്റവും പ്രാധാന്യമേറിയതുമായ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമാണിത്. ദക്ഷിണേന്ത്യയിൽ ഇതിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഇപ്പോൾ ദേശീയ വൈദ്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് പദവിയിലേക്ക് കേന്ദ്രസർക്കാർ മെഡിക്കൽ കോളേജിനെ ഉയർത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാമ്പസിൽ മെഡിക്കൽ കോളജും ആശുപത്രിയും ഉണ്ട്. നഴ്സിങ് കോളജ്, റീജനൽ കാൻസർ സെന്‍റർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, അച്യുത മേനോൻ സെന്‍റർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസ്, ഡെന്‍റൽ കോളജ്, ശ്രീഅവിട്ടം തിരുനാൾ ആശുപത്രി, പ്രിയദർശിനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഫാർമസി കോളജ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.
മെഡിക്കൽ കോളജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഈ മാസം 26ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷതവഹിക്കും.
സമ്മേളനത്തോടനുബന്ധിച്ച് 27 ന് ഇപ്പോൾ ലോകം നേരിടുന്ന വൈറസ് രോഗങ്ങളുമായി ബന്ധപ്പെട്ട പ്രമുഖ ഡോക്ടർമാർ നയിക്കുന്ന ചർച്ചകളും തുടർ വിദ്യാഭ്യാസ പരിപാടികളും നടക്കും.
28 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഇന്ദു മൽഹോത്ര മുഖ്യാതിഥിയായ ചടങ്ങിൽ ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും. ആഘോഷ പരിപാടികളുടെ ഭാഗമായി പൊതുജനങ്ങൾക്ക് കൂടെ പ്രയോജനകരമാകുന്ന രീതിയിൽ മൂന്നുമാസം നീളുന്ന മെഡിക്കൽ എക്സിബിഷനും ജനസമ്പർക്ക പരിപാടികളും നടത്തും.
എസ്.എ.ടി ആശുപത്രിയിലും ആർ.സി.സി, ശ്രീചിത്രാ ആശുപത്രികളിലും ഗുരുതര ചികിത്സക്ക് എത്തുന്ന പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്യുന്നതിന് തളിര് എന്ന പേരിലുള്ള പദ്ധതിക്കും തുടക്കം കുറിക്കും. മന്ത്രി വീണാ ജോർജ്, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളായി സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.