സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് വിതരണം;പ്രതിപക്ഷനേതാവ് അവാസ്തവം പ്രചരിപ്പിക്കുന്നു -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
പദ്ധതിയുടെ പരിധിയിൽ വരുന്ന 12038 സ്കൂളുകൾക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശ്ശികയൊന്നും നിലവിൽ നൽകാനില്ല. സ്കൂളുകൾക്ക്, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പദ്ധതി നടത്തിപ്പ് ചെലവിനുള്ള തുക പൂർണമായി സർക്കാർ നൽകിയിട്ടുണ്ട്. നടപ്പുമാസത്തെ ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും മറ്റും നവംബർ അഞ്ചിനകമാണ് സ്കൂളുകൾ അതത് ഉപജില്ല കാര്യാലയങ്ങൾക്ക് സമർപ്പിക്കേണ്ടത്.
ഉച്ചഭക്ഷണം പാചകം ചെയ്യാൻ സ്കൂളുകളിൽ നിയോഗിച്ചിട്ടുള്ള തൊഴിലാളികൾക്ക് ആഗസ്റ്റ് വരെയുള്ള വേതനം നൽകി. സെപ്റ്റംബർ മാസത്തെ വേതനം വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു.
സ്കൂളുകൾ പ്രവർത്തിക്കാതിരുന്ന വേനലവധിക്കാലത്ത് തൊഴിലാളികൾക്ക് പ്രതിമാസം 2000 രൂപ വീതം സമാശ്വാസവും ഓണത്തിന് 1300 രൂപ വീതം ഫെസ്റ്റിവൽ അലവൻസും സംസ്ഥാന സർക്കാർ നൽകി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. നടത്തിപ്പ് ചെലവിന്റെ 60 ശതമാനം വഹിക്കേണ്ടത് കേന്ദ്രസർക്കാറാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം സമയബന്ധിതമായി നൽകുന്നതിലും തുക പൂർണമായി അനുവദിക്കുന്നതിലും ഗുരുതരമായ അലംഭാവമാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അവഗണനക്കിടയിലും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി തടസ്സപ്പെടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സംസ്ഥാന സർക്കാർ ചെലുത്തുന്ന ജാഗ്രതയും പരിശ്രമവും പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.