മണിമുഴങ്ങാൻ നേരമായി, സ്കൂൾ യാത്രകൾ സുരക്ഷിതമാക്കാം
text_fieldsതിരുവനന്തപുരം: സ്കൂൾ തുറക്കലിന് മുന്നോടിയായി സ്കൂൾ വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പ് സുരക്ഷ ഉറപ്പുവരുത്തുന്നു. സ്കൂൾ വാഹനങ്ങളിൽ സ്പീഡ് ഗവേണറും ജി.പി.എസ് സംവിധാനവും ഉറപ്പുവരുത്തണമെന്ന് നേരത്തേ മോട്ടോർ വാഹനവകുപ്പ് നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധകളും നടക്കുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയും യന്ത്രക്ഷമത ഉറപ്പാക്കിയും വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിപ്പിക്കൽ നടപടി അവസാന ഘട്ടത്തിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്നിലും പിറകിലും 'എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം' എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ 'ഓൺ സ്കൂൾ ഡ്യൂട്ടി' എന്ന ബോർഡ് വെക്കണം.
ഡ്രൈവർമാർക്കുള്ള കർശന മാനദണ്ഡങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്ത് വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം.
സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത്.
വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശ്ശീലങ്ങളില്ലാത്തവരാണെന്നത് ഉറപ്പുവരുത്തേണ്ടത് സ്കൂളധികൃതരുടെ ചുമതലയാണ്. ഡ്രൈവർമാർ തങ്ങളുടെ യൂനിഫോമായ വെള്ള ഷർട്ടും കറുപ്പ് പാൻറും തിരിച്ചറിയൽ കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സർവിസ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാക്കി കളർ യൂനിഫോമാണ്.
പരമാവധി വേഗം 50 കിലോമീറ്ററേ പാടുള്ളൂ. വാഹനങ്ങളിൽ വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാരെ നിയമിക്കണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഷ്കർഷ.
സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ കയറ്റാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരുസീറ്റിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യാൻ കുട്ടികളെ അനുവദിക്കരുത്.
ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. ഇവ മോട്ടോർ വാഹന വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കണമെന്നും നിർദേശങ്ങളിലുണ്ട്.
വാഹനങ്ങളിൽ കൂളിങ് ഫിലിം-കർട്ടൻ എന്നിവ പാടില്ല. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം.
സ്കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണമെന്നും നിർദേശങ്ങളിലുണ്ട്.
മഴക്കാലമാണ്, ഒന്നിലധികം മാസ്കുകൾ കരുതണം, നനഞ്ഞവ ധരിക്കരുത്
തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനും ഏറെ നാളത്തെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂളുകളിലേക്ക് പോകുന്നതിനുള്ള ആവേശത്തിലാണ് കുട്ടികൾ. ഭീതിയകന്നെങ്കിലും കോവിഡ് ഇപ്പോഴും പൂർണമായും വിട്ടുപോകാത്ത സാഹചര്യം കണക്കിലെടുത്ത് അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികളുടെ സുരക്ഷയിൽ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
മഴക്കാലമായതിനാൽ മാസ്ക് നനയാൻ സാധ്യതയുള്ളതിനാൽ ഒന്നിലധികം മാസ്ക് കൈയിൽ കരുതണം. നനഞ്ഞതും ഈർപ്പമുള്ളതുമായ മാസ്ക് ധരിക്കരുത്. ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നെന്ന് ഉറപ്പുവരുത്തണം. മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്. ഉപയോഗിച്ച മാസ്കുകൾ പ്രത്യേകം കവറിൽ സൂക്ഷിച്ച് വീട്ടിലെത്തിയാൽ സുരക്ഷിതമായി നിക്ഷേപിക്കണം.
മറ്റ് നിർദേശങ്ങൾ
- ക്ലാസ് മുറികളിലും ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും സാമൂഹിക അകലം പാലിക്കണം
- കൂട്ടം കൂടാൻ അനുവദിക്കാതിരിക്കുന്നതാണ് അഭികാമ്യം
- സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കണം
- കുട്ടികളുടെ കൈയിൽ സാനിറ്റൈസർ കരുതാൻ രക്ഷാകർത്താക്കൾ ശ്രദ്ധിക്കണം
- കൈകൾ ഇടക്കിടെ ശുചിയാക്കാൻ നിർദേശിക്കണം
- പനിയും ജലദോഷവുമുള്ള കുട്ടികളെ രക്ഷാകർത്താക്കൾ സ്കൂളിലേക്കയക്കരുത്
- കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികൾക്കെതിരെയും കരുതൽ വേണം
- കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം വീട്ടിൽ നിന്നുതന്നെ കൊടുത്തുവിടണം
- ഡെങ്കിപ്പനി പ്രതിരോധിക്കാൻ കൊതുകുനിവാരണ ലേപനങ്ങൾ പുരട്ടി കൊതുകു കടിയിൽനിന്ന് സംരക്ഷണം നേടണം
- എലിപ്പനി പിടിപെടാൻ സാധ്യതയുള്ളതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി കളിക്കാൻ കുട്ടികളെ അനുവദിക്കരുത്
- പനി പലരോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യസഹായം തേടണം
- പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.