നെടുമങ്ങാട് ജില്ല ആശുപത്രിക്ക് മുന്നിലെ റോഡിൽ മലിനജലം ഒഴുകുന്നു
text_fieldsനെടുമങ്ങാട്: ജില്ല ആശുപത്രിക്കുമുന്നിലെ റോഡിലൂടെ മാലിന്യം ഒഴുകുന്നു. ദുർഗന്ധം പരത്തുന്ന മലിനജലത്തിൽ ചവിട്ടിവേണം ജനങ്ങൾക്ക് ആശുപത്രിയിലേക്ക് പ്രവേശിക്കാൻ. ആശുപത്രിയുടെ മുന്നിലെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം രോഗികൾക്കും മറ്റ് സന്ദർശകർക്കും പകർച്ചവ്യാധികൾ സമ്മാനിക്കുന്നെന്ന പരാതി വ്യാപകമായിട്ടുണ്ട്. ആശുപത്രി ജങ്ഷൻ മുതൽ ചന്തമുക്ക് വരെയുള്ള ഓടയിലെ മാലിന്യമാണ് റോഡിലേക്ക് പരക്കുന്നത്.
നൂറുകണക്കിന് രോഗികളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്. രോഗികളടക്കം ആശുപത്രിയിൽ പ്രവേശിക്കണമെങ്കിൽ ഓടയിലെ മാലിന്യം മറികടന്നാലേ പറ്റൂ. ഓട്ടോ, ആംബുലൻസ് സർവിസുകളുടെ പാർക്കിങ് ഏരിയയിലാണ് ഈ ദുരവസ്ഥ.
മാർക്കറ്റ് റോഡ് മുതൽ ആശുപത്രിവരെയുള്ള ഭക്ഷശാണലകളും ഫുട്പാത്ത് കച്ചവടക്കാരും മാലിന്യം ഈ ഓടയിലൂടെയാണ് ഒഴുക്കിവിടുന്നത്.
പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലം സന്ദർശിച്ചെങ്കിലും അനധികൃത കച്ചവടം നിർത്താൻ മുന്നറിയിപ്പ് നൽകുകമാത്രമാണുണ്ടായത്. മാലിന്യം നീക്കംചെയ്യാൻ പി.ഡബ്ല്യു.ഡിക്കാണ് അധികാരമെന്ന് നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു. മാലിന്യം നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ സംസ്കരണശേഷിയില്ലാത്തതിനാൽ നഗരസഭ തടഞ്ഞെന്നും കരാറുകാരന്റെ മണ്ണുമാന്തി യന്ത്രവും ടിപ്പറും പൊലീസ് പിടിച്ചെടുത്തതായും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരസഭ സൗകര്യം ചെയ്തുനൽകിയാൽ മാലിന്യം നീക്കംചെയ്യാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.