മാഞ്ഞാലിക്കുളത്തെ മലിനജലം; കലുങ്ക് നിർമാണം പകുതി പിന്നിടുന്നു, ദുഷ്കരമായി യാത്ര
text_fieldsതിരുവനന്തപുരം: മാഞ്ഞാലിക്കുളം റോഡ് ഓവർബ്രിഡ്ജ്-തമ്പാനൂർ റോഡിൽ മുട്ടുന്ന ഭാഗത്തെ പൊട്ടിയൊഴുകുന്ന മലിനജല പ്രശ്നം പരിഹരിക്കുന്നതിനുള്ള പുതിയ കലുങ്ക് നിർമാണം പകുതി പിന്നിട്ടു. നിലവിൽ എസ്.എസ് കോവിൽ റോഡിലെ ഗതാഗതം നിയന്ത്രിച്ച് ഇവിടെയാണ് ഓടക്കുള്ള ജോലികൾ നടക്കുന്നത്. ഒരു മീറ്റർ താഴ്ചയിലും 80 സെന്റീമീറ്റർ വീതിയിലുമാണ് നിർമാണം. ഇവിടെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായശേഷം ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കും. പിന്നീടാണ് മാഞ്ഞാലിക്കുളം റോഡിൽ ഗതാഗതം നിയന്ത്രിച്ചുള്ള കലുങ്ക് നിർമാണം നടക്കുക. ഇതുകൂടി പൂർത്തിയായശേഷം ഓപറേഷൻ അനന്തയുടെ ഭാഗമായി നിർമിച്ച ഓടയിൽ പുതിയ ഓട ബന്ധിപ്പിക്കുന്നതോടെയാണ് ജോലികൾ പൂർത്തിയാകുക.
ജല അതോറിറ്റിയുടെ പൈപ്പുകളും ബി.എസ്.എൻ.എല്ലിലെയടക്കം കേബിളുകളും ഈ ഭാഗത്തുണ്ട്. ഇവയെല്ലാം നീക്കിയശേഷമാണ് ജോലികൾ. അതേസമയം വെള്ളം റോഡിലേക്ക് പൊട്ടിയൊഴുകാൻ കാരണം നിലവിലെ ഓടയുടെ തകരാറാണോ അതോ മറ്റെവിടെനിന്നെങ്കിലും വെള്ളം ഇങ്ങോട്ടേക്ക് തുറന്ന് വിടുന്നതാണോയെന്ന് വ്യക്തമല്ല. ഈ ഭാഗത്തെ ഓട തുറന്ന് പരിശോധിക്കുമ്പോഴേ ഇക്കാര്യം വ്യക്തമാകൂ.
നിലവിൽ പൊട്ടിയൊഴുകുന്ന ഡ്രെയിനേജ് മാലിന്യത്തിൽ ജനം പൊറുതിമുട്ടുകയാണ്. മാഞ്ഞാലിക്കുളം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് മലിനജലം റോഡിലൂടെ പൊട്ടിയൊഴുകുന്നത്. നിർമാണത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളുള്ളതിനാൽ എസ്.എസ് കോവിൽ വഴി പോകേണ്ട വാഹനങ്ങൾ മാഞ്ഞാലിക്കുളം റോഡ് വഴിയാണ് തിരിച്ചുവിടുന്നത്. നിർമാണ ജോലിയുടെ ഭാഗമായി ഓടയിലെ സ്ലാബുകൾ ഈ വഴിയിലേക്ക് ഇളക്കിയിട്ടിരിക്കുന്നതും വെള്ളക്കെട്ടും കൂടിയായതോടെ കൂടുതൽ രൂക്ഷമാണ് മാഞ്ഞാലിക്കുളം റോഡിലെ സ്ഥിതി. ജോലികൾ പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. സെക്രട്ടേറിയറ്റിലേക്കടക്കം എത്താനുള്ള പ്രധാന മാർഗമാണിത്. എത്ര ദിവസം കൊണ്ട് ജോലികൾ പൂർത്തിയാകുമെന്ന് ഇനിയും വ്യക്തമല്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം ശരീരത്തിൽ തെറിക്കുന്നത് പതിവാണെന്ന് കാൽനടക്കാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.