ഇനിയും തുറക്കാതെ കുന്നുകുഴി അറവുശാല
text_fieldsതിരുവനന്തപുരം: വൃത്തിയില്ലാത്ത അറവുശാലകളും വഴിവക്കിൽ അറവുമാലിന്യം തള്ളുന്ന പ്രവണതയും വർധിക്കുന്നതോടെ കുന്നുകുഴി ആധുനിക അറവുശാല നിർമാണം ഈ വർഷമെങ്കിലും പൂർത്തിയാകുമോ എന്ന് ചോദിക്കുകയാണ് നഗരവാസികൾ. നിർമാണം പൂർത്തിയാക്കാൻ ഇനിയും ആറുമാസത്തെ സമയം ആവശ്യമുണ്ടെന്നാണ് അധികൃതർ പറയുന്നത്.
2013ലാണ് തിരുവനന്തപുരം കുന്നുകുഴിയിൽ പ്രവർത്തിച്ചിരുന്ന അറവുശാല മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അടച്ചുപൂട്ടിയത്. പിന്നീട് നഗരത്തിൽ ഒരു ആധുനിക അറവുശാലയുടെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ അധികാരികൾ അടച്ചുപൂട്ടിയ അറവുശാല ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ടെൻഡർ ക്ഷണിക്കുകയും കെൽ നിർമാണ ചുമതല ഏറ്റെടുക്കുകയും ചെയ്തെങ്കിലും പദ്ധതി മുതൽമുടക്കിന്റെ 50 ശതമാനം അഡ്വാൻസായി ചോദിച്ചതോടെ കോർപറേഷൻ 2019ൽ റീ ടെൻഡർ ചെയ്തിരുന്നു.
എന്നാൽ, 2020 ഫെബ്രുവരിയിൽ വീണ്ടും കെല്ലുമായി തന്നെ ധാരണപത്രം ഒപ്പുവെച്ചു. കെൽ ലഖ്നോ ആസ്ഥാനമാക്കിയ മറ്റൊരു കമ്പനിക്ക് സബ് കോൺട്രാക്റ്റ് നൽകുകയാണ് ചെയ്തത്. പത്ത് കോടിയോളം ചെലവ് വരുന്ന പദ്ധതി ഈ വർഷം ഏപ്രിലിൽ പൂർത്തിയാകുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പൂർത്തിയായിട്ടില്ല.
നിലവിലുള്ള കെട്ടിടങ്ങൾ നിലനിർത്തിക്കൊണ്ടായിരിക്കും നവീകരണം നടപ്പാക്കുക. ആധുനിക അറവുശാലക്കാവശ്യമായ യന്ത്രസാമഗ്രികൾ ഇവിടെ എത്തിയിട്ടുണ്ട്. ഇവയുടെ ഘടിപ്പിക്കൽ പൂർത്തിയായാൽ ബയോ ഫിൽറ്ററും വാട്ടർ ടാങ്കും അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്.നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ വാട്ടർ കണക്ഷൻ, ശുചിത്വ മിഷന്റെ അംഗീകാരം നേടൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം തുടങ്ങി നിരവധി നടപടിക്രമങ്ങൾ പൂർത്തിയക്കേണ്ടതുണ്ട്.
ഒരു ദിവസം 100 ചെറുമൃഗങ്ങളെയും 50 വലിയ മൃഗങ്ങളെയും കശാപ്പു ചെയ്യാനുള്ള സൗകര്യമാണ് ഈ കേന്ദ്രീകൃത ആധുനിക അറവുശാലയിലുണ്ടാകുക.
കോവിഡ് പ്രതിസന്ധിമൂലമാണ് നിർമാണ പ്രവർത്തനങ്ങൾ വൈകിയതെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.