ഇലകമൺ പഞ്ചായത്തിലെ സ്റ്റേഡിയം പദ്ധതി അട്ടിമറിക്കുന്നെന്ന്
text_fieldsവർക്കല: ഇലകമൺ പഞ്ചായത്ത് സ്റ്റേഡിയം നിർമാണപദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. പഞ്ചായത്തംഗം വിനോജ് വിശാലാണ് ആരോപണവുമായി രംഗത്തു വന്നത്.
ഇലകമൺ പഞ്ചായത്തിന്റെ 2022-23 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് വസ്തു വാങ്ങാൻ തീരുമാനിച്ചത്. പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായതിനാൽ പദ്ധതിയെ പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേനയാണ് അംഗീകരിച്ചത്.
പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്ത് എന്നിവ ചേർന്ന് 85ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ത്രിതല പഞ്ചായത്ത് സംയുക്ത പദ്ധതിയായാണ് സ്റ്റേഡിയം നിർമിക്കാൻ തീരുമാനം കൈക്കൊണ്ടതും.
പദ്ധതി നടപ്പാക്കാനായി ഭരണസമിതി പരസ്യം കൊടുത്ത് അനുയോജ്യമായ സ്ഥലവും കണ്ടെത്തി. വിളപ്പുറം വാർഡിലാണ് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയത്.
ഈ സ്ഥലത്തിന് വാല്വേഷൻ നടത്താൻ വില്ലേജ് ഓഫിസർക്ക് പഞ്ചായത്ത് കത്ത് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ സ്ഥലം പരിശോധിച്ച് സെന്റിന് 90,000 രൂപ വിലയുണ്ടെന്ന് തഹസിൽദാറിന് വില്ലേജ് ഓഫിസർ റിപ്പോർട്ട് സമർപ്പിക്കുകയും നിയമോപദേശം ലഭിക്കുകയും ചെയ്തിരുന്നു.
സ്ഥലം ഏറ്റെടുക്കൽ പ്രക്രിയയുടെ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് റവന്യൂ തലത്തിൽ പദ്ധതിയെ അട്ടിമറിക്കാനായി ഉന്നത ഇടപെടൽ ഉണ്ടായതെന്നാണ് വിനോജ് വിശാൽ ആരോപിക്കുന്നത്.
ഈ ഇടപെടലിനെ തുടർന്ന് വില്ലേജ് ഓഫിസർ വസ്തു സെന്റിന് 32,000 രൂപ മാത്രമേ വിലയുള്ളൂവെന്ന് റിപ്പോർട്ട് തിരുത്തി നൽകിയെന്നും തഹസിൽദാർക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചാണ് സ്റ്റേഡിയം പദ്ധതിയെ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പദ്ധതിയായ കായൽപ്പുറം ആയുർവേദ ഗ്ലോബൽ വില്ലേജ് പ്രോജക്ടിനായി ഏക്കർ കണക്കിന് ചതുപ്പ് ഭൂമി സെന്റിന് 60,000 രൂപയും അതിന് മുകളിലും മൂല്യം കൊടുത്തിരിക്കുന്നത് ഇതേ അയിരൂർ വില്ലേജ് ഓഫിസും തഹസിൽദാറും റവന്യൂ വകുപ്പുമാണെന്നും പഞ്ചായത്ത് സ്റ്റേഡിയം നാട്ടിൽ വരേണ്ടതില്ലെന്ന ചിലരുടെ പിടിവാശിയാണ് പദ്ധതി നഷ്ടപ്പെടാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ താലൂക്ക് ഓഫിസിന് മുന്നിൽ കോൺഗ്രസ് ജനകീയ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.