ജി.വി.രാജ സ്പോർട്സ് എക്സലന്റ് സെന്റർ പദ്ധതിക്ക് സ്റ്റോപ് മെമ്മോ
text_fieldsകഴക്കൂട്ടം: തലസ്ഥാനത്തിന് വലിയ നേട്ടമാകുന്ന ജി.വി.രാജ സ്പോർട്സ് എക്സലന്റ് സെന്റർ പദ്ധതിക്ക് റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ. കഴക്കൂട്ടം മേനംകുളത്തെ പദ്ധതി നിർമാണം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ തടഞ്ഞു.
സർക്കാറിൽനിന്ന് അനുമതിപത്രമോ ഉത്തരവോ ലഭിച്ചിട്ടുണ്ടെങ്കിൽ മേനംകുളം വില്ലേജ് ഓഫിസിൽ ഹാജരാക്കാനാണ് നിർദേശം. രേഖകൾ ഹാജരാക്കാതെ നിർമാണം നടത്തിയാൽ സ്പോർട്സ് ഡയറക്ടർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും മെമ്മോയിൽ പറയുന്നു.
വില്ലേജ് ഓഫിസറുടെ നടപടിക്കെതിരെ കായിക വകുപ്പ് ഡയറക്ടർ കലക്ടർക്ക് പരാതി നൽകി. എന്നാൽ, കായിക വകുപ്പിന്റെ പേരിലല്ല ഭൂമിയെന്നും ആസ്പിരിൻ പ്ലാന്റിന്റെ പേരിലാണ് രേഖകളെന്നും വില്ലേജ് ഓഫിസർ ബീന പറഞ്ഞു.
സിഡ്കോയുടെ പേരിലാണ് ഭൂമിയെന്നാണ് കായിക വകുപ്പ് ആദ്യം വില്ലേജ് ഓഫിസറെ അറിയിച്ചത്. സർക്കാർ ഉത്തരവിലൂടെ കായികവകുപ്പിന് കൈമാറിയെന്നും വില്ലേജ് ഓഫിസറെ കായിക വകുപ്പ് ഡയറക്ടർ അറിയിച്ചു.
ഇതുപ്രകാരം ആദ്യം സിഡ്കോക്കാണ് സ്റ്റോപ് മെമ്മോ നൽകിയത്. എന്നാൽ, സിഡ്കോയുടെ ഭൂമിയല്ലെന്ന് രേഖാമൂലം സിഡ്കോ വില്ലേജ് ഓഫിസറെ അറിയിച്ചു. തുടർന്നാണ് കായിക വകുപ്പിന് സ്റ്റോപ് മെമ്മോ കൊടുത്തത്. ഒരാഴ്ച പിന്നിട്ടിട്ടും കായിക വകുപ്പ് രേഖകൾ ഹാജരാക്കിയിട്ടില്ല. ഇതുവരെ 28 ഏക്കർ ഭൂമിക്ക് കരമടച്ചിട്ടില്ലെന്നും വില്ലേജ് ഓഫിസർ പറഞ്ഞു.
ഗെയിംസ് വില്ലേജ് പ്രവർത്തിച്ചിരുന്ന 28 ഏക്കറിലെ 18 ഏക്കർ സ്പോർട്സ് സെന്ററിന് അനുവദിച്ച് ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് പ്രഖ്യാപനമുണ്ടായത്. 2019 മാർച്ച് 16ന് പദ്ധതിക്ക് 56.185 കോടി രൂപയുടെ ഭരണാനുമതി നൽകുകയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലിടുകയും ചെയ്തു. നിർമാണം തുടങ്ങിയപ്പോഴാണ് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയത്. കിറ്റ്കോ ലിമിറ്റഡിനായിരുന്നു പദ്ധതി നടത്തിപ്പ് ചുമതല.
നാചുറൽ ഫുട്ബാൾ ഗ്രൗണ്ട്, അത്ലറ്റിക് ട്രാക്ക്, സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റൽ, കോച്ചുകൾക്കും ഒഫിഷ്യൽസിനുമുള്ള ക്വാർട്ടേഴ്സ്, ശൗചാലയം ബ്ലോക്ക് എന്നിവയാണ് പദ്ധതിയിലുള്ളത്. രാജ്യാന്തര നിലവാരത്തിലാണ് ട്രാക്കും ടർഫും ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.