കിള്ളിയാറിൽ കോർപറേഷന് സ്റ്റോപ് മെമ്മോ
text_fieldsതിരുവനന്തപുരം: കിള്ളിയാർ സംരക്ഷണഭിത്തി നിർമാണത്തിന്റെ മറവിൽ ആറ് കൈയേറി വഴി നിർമിക്കാനുള്ള തിരുവനന്തപുരം കോർപറേഷന്റെ നീക്കത്തിന് തിരിച്ചടി. നിർമാണപ്രവർത്തനങ്ങൾ ജലസേചനവകുപ്പ് തടഞ്ഞു.
അടിയന്തരമായി നികത്തിയ ആറ് പൂർവസ്ഥിതിയിലാക്കണമെന്നും ഇതിനു ശേഷം മാത്രമേ തുടർനിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാൻ കഴിയൂവെന്നും ജലസേചന വകുപ്പ് നൽകിയ സ്റ്റോപ് മെമ്മോയിൽ പറയുന്നു.
ആറന്നൂർ വാർഡിൽ ജഗതി അനന്തപുരി ഓഡിറ്റോറിയത്തിനു സമീപം പാറച്ചിറ അണയുടെ ഭാഗത്താണ് ഭരണസമിതിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് ബണ്ട് നിർമാണത്തിന്റെ മറവിൽ ആറിന്റെ ഒരുഭാഗം കരിങ്കല്ലും മണ്ണുംകൊണ്ട് നികത്തിയത്. കൈയേറ്റം ‘മാധ്യമം’ പുറത്തുകൊണ്ടുവന്നതോടെയാണ് വിഷയത്തിൽ ജലസേചന വകുപ്പിന്റെ നടപടി. അരുവിക്കര, പേപ്പാറ ഡാമുകൾ മഴക്കാലത്ത് തുറക്കുമ്പോൾ ഡാമുകളിലെ വെള്ളം ഇരച്ചെത്തുന്നത് കിള്ളിയാറിലേക്കാണ്. മഴക്കാലത്ത് ആറ് കരകവിഞ്ഞൊഴുകി 200ഓളം വീടുകൾ വെള്ളത്തിൽ മുങ്ങുന്നത് സ്ഥിരമായതോടെയാണ് ആറിന്റെ കരകളിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിനായി 1.26 കോടിയുടെ ഭരണാനുമതിയും കഴിഞ്ഞ സെപ്റ്റംബറിൽ നൽകി.
പാങ്ങോട് പാലത്തിനു സമീപം വലതു കരയിൽ 56 ലക്ഷം രൂപയും പാറച്ചിറ പാലത്തിന് സമീപം ഇടതുകരയിൽ 70 ലക്ഷവുമാണ് അനുവദിച്ചത്.
ജഗതി വാർഡിലെ ഇടപ്പഴഞ്ഞി, വലിയശാല വാർഡിലെ തേങ്ങാക്കൂട് പണ്ടാരവിള, കിഴക്കേവിള എന്നീ ഭാഗങ്ങളിലായിരുന്നു നിർമാണം. എന്നാൽ, കിള്ളിയാറിനു സമീപത്തെ ചില ഫ്ലാറ്റുടമകൾക്കായി പാറച്ചിറ ഭാഗത്ത് ഒരാൾക്ക് നടന്നുപോകാൻ കഴിയുന്ന കരയുടെ ഒരുഭാഗം കാരാറുകാരനും ഉദ്യോഗസ്ഥരും ചേർന്ന് ലോറികൾക്കടക്കം കടന്നുപോകുന്ന തരത്തിൽ 20 മീറ്റർ വീതിയിൽ മണ്ണിട്ട് നികത്തി വഴിയാക്കുകയായിരുന്നു.
കിള്ളിയാറിന്റെ സംരക്ഷണവും കരയുടെ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള അധികാരവും ജലസേചന വകുപ്പിനാണ്. എന്നാൽ, ബണ്ട് നിർമാണവുമായി ബന്ധപ്പെട്ട് കോർപറേഷന്റേതായ പദ്ധതിയുണ്ടെന്ന് കാണിച്ച് മേയർ ആര്യാ രാജേന്ദ്രൻ ഇറിഗേഷൻ വകുപ്പിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ബണ്ട് നിർമാണത്തിന് ജലസേചനവകുപ്പ് എൻ.ഒ.സി നൽകിയത്.
എന്നാൽ, ബണ്ട് നിർമാണത്തിന്റെ മറവിൽ അനധികൃത നിർമാണം കണ്ടെത്തിയ സാഹചര്യത്തിൽ കൈയേറിയ ഭാഗം പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷന് വീണ്ടും കത്ത് നൽകുമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. കോർപറേഷന്റെ കൈയേറ്റം സംബന്ധിച്ച് നാട്ടുകാരും ജലസേചന വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
കോർപറേഷൻ കരാർ ലംഘിച്ചു -ബിന്ദു (എക്സിക്യുട്ടിവ് എൻജിനീയർ, ജലസേചനവകുപ്പ്)
കിള്ളിയാറിന്റെ കരകൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് തിരുവനന്തപുരം കോർപറേഷൻ ജലസേചന വകുപ്പിനോട് നിരാക്ഷേപ പത്രം ആവശ്യപ്പെട്ടത്. കിള്ളിയാറിന്റെ ഇരുവശങ്ങളുടെയും സംരക്ഷണം ജലസേചന വകുപ്പിന്റെ കീഴിലാണ്. ഇതു വകുപ്പ് ചൂണ്ടിക്കാട്ടിയപ്പോൾ അന്ന് മേയറടക്കമുള്ളവർ പറഞ്ഞത് ‘‘തങ്ങൾ ഒരു പ്രോജക്ട് വെച്ചുപോയി, അതുകൊണ്ട് അനുമതി നൽകണം’’ എന്നായിരുന്നു.
കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത വരുകയും ഇതിനെ തുടർന്ന് റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും പരാതിയുമായി സമീപിക്കുകയും ചെയ്തതോടെയാണ് അസി. എൻജിനീയർ സ്ഥലം സന്ദർശിച്ചത്. അനധികൃത പ്രവർത്തനങ്ങൾ നടത്തില്ലെന്ന കരാറാണ് കോർപറേഷൻ ലംഘിച്ചത്. നികത്തിയവർതന്നെ ഇതൊക്കെ പൂർവസ്ഥിതിയിലാക്കേണ്ടിവരും.
കൈയേറ്റത്തെ എതിർക്കും -എ. ബാബു (പ്രസിഡന്റ്, ജഗതി, അനന്തപുരി റെസിഡന്റ്സ് അസോസിയേഷൻ)
ബണ്ടിന്റെ പേരിലായിരുന്നു ഒരാഴ്ചമുമ്പ് കൗൺസിലറുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചത്. പക്ഷേ, കെട്ടിവന്നപ്പോൾ റോഡായി. ഇത്തരമൊരു വഴിയുടെ ആവശ്യമെന്തെന്ന് മനസ്സിലാകുന്നില്ല. മഴക്കാലത്ത് വെള്ളം പൊങ്ങുമ്പോൾ കഴുത്തോളം വെള്ളമാണ് വീടുകളിലേക്ക് ഇരച്ചെത്തുക. അഞ്ഞൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ജഗതി, കാരയ്ക്കാട് ഭാഗത്ത് മഴക്കാലത്ത് ജനങ്ങൾ മരണഭീതിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ബണ്ട് നിർമാണത്തിന് സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചത്. എന്നാൽ, ഇതിന്റെ മറവിൽ ആറ് കൈയേറാനായിരുന്നു ഒരു വിഭാഗം ശ്രമിച്ചത്. വികസനത്തിന് ഞങ്ങൾ എതിരല്ല. കോർപറേഷൻ ഭരിക്കുന്ന ഇടതുപക്ഷ പാർട്ടിയിൽതന്നെയാണ് ഞാനുമുള്ളത്. പക്ഷേ, ജനങ്ങളെ ദ്രോഹിച്ചുകൊണ്ടുള്ള നടപടികളെ ശക്തമായി എതിർക്കും.
പുഴയും ആറുകളും നികത്താൻ പാടില്ലെന്ന സർക്കാർ നിലപാടിനൊപ്പം ബിന്ദു മേനോൻ (ആറന്നൂർ വാർഡ് കൗൺസിലർ)
ആറിന്റെ സൈഡിൽ നേരത്തേ ബണ്ടുണ്ടായിരുന്നു. പക്ഷേ, സാങ്കേതിക കാരണങ്ങളാൽ മുൻ കൗൺസിലറിന് പൂർത്തിയാക്കാൻ സാധിച്ചില്ല. അതിന്റെ ബാക്കിയാണ് ജലസേചനവകുപ്പിന്റെ എൻ.ഒ.സിയോടെ പുതിയ പ്രോജക്ട് വെച്ച് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പുഴയും ആറുകളും നികത്താൻ പാടില്ലെന്ന സർക്കാർ നിലപാടിനൊപ്പംതന്നെയാണ് കോർപറേഷനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.