മരണപ്പൊഴിയായ മുതലപ്പൊഴി
text_fieldsആറ്റിങ്ങൽ: സുഗമമായ മത്സ്യബന്ധനം വാഗ്ദാനം ചെയ്ത് ആരംഭിച്ച മുതലപ്പൊഴി തീരവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും മരണപ്പൊഴിയായിട്ട് കാലമേറെയായി.
തീരദേശത്ത് ബോട്ടപകടവും മത്സ്യത്തൊഴിലാളികളുടെ മരണവും പതിവാണ്. തീരവാസികളുടെ ഉപജീവനം പ്രതിസന്ധിയിലുമായി. ഇതിനകം എഴുപതോളം മത്സ്യത്തൊഴിലാളികൾക്കാണ് ഉപജീവനത്തിനിറങ്ങി ഹാര്‍ബറില്‍ ജീവന് നഷ്ടമായത്. ശക്തമായ കാറ്റാണ് തിങ്കളാഴ്ച അപകടത്തിന് കാരണമായത്. കാറ്റിൽപെട്ട ബോട്ട് പുലിമുട്ടിൽ ഇടിച്ച് മറിയുകയായിരുന്നു.
പുലിമുട്ട് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്. ആവശ്യമായ വീതി ഹാർബർ കവാടത്തിനില്ല. വിവിധ ഐ.ഐ.ടികൾ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിക്കുന്നതിലും അധികൃതർ വീഴ്ചവരുത്തിയിട്ടുണ്ട്.
തുടർച്ചയായ മഴ കാരണം ഇവിടെ മണൽതിട്ട രൂപപ്പെട്ടിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസവും രണ്ടു മത്സ്യത്തൊഴിലാളികൾ ഇവിടെ അപകടത്തിൽപെട്ടിരുന്നു.
ആറ് മീറ്റര്‍ ആഴമാണ് ഇവിടെ ശാസ്ത്രീയമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ വലിയ ബോട്ടുകള്‍ക്ക് പോകാന്‍ ഏഴ് മീറ്റര്‍ ആഴം വേണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. യഥാസമയം ഡ്രഡ്ജിങ് നടക്കാത്തത് കാരണം ഇവിടത്തെ ആഴം കുറഞ്ഞുവന്നു. 110 മീറ്റര്‍ വേണ്ട ഹാര്‍ബര്‍ കവാടത്തില്‍ പുലിമുട്ട് ഒഴിവാക്കിയാല്‍ 80 മീറ്ററിനുള്ളില്‍ മാത്രമാണ് വീതി. ആഴത്തിലും വീതിയിലുമുള്ള അപര്യാപ്തത ചെറിയൊരു തിരയില്പോലും ബോട്ട് നിയന്ത്രണം വിട്ട് പുലിമുട്ടില്‍ ഇടിച്ച് തകരുന്നതിന് കാരണമാകുന്നു.
30 മീറ്റര്‍വരെ വലിപ്പമുള്ള ബോട്ടുകളാണ് നിലവില്‍ മുതലപ്പൊഴി ഹാര്‍ബര്‍ കടന്ന് പോകേണ്ടത്. പുലിമുട്ട് അവസാനിക്കുന്നിടത്ത് തിരയുണ്ടാകുന്നതിനാല് ഇതില്‍പെട്ട് ബോട്ടുകള്‍ പാറക്കെട്ടില്‍ വന്നടിച്ച് തകരുകയാണ്. മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടാന്‍ കടലില്‍ ചാടും. ചിലര്‍ രക്ഷപ്പെടും. മറ്റ് ചിലര്‍ ഇവിടെ അവസാനിക്കും. ഇതാണ് നിലവില്‍ അവിടെ നടക്കുന്നത്.
ഹാര്‍ബര്‍ അപകടക്കെണിയാകാന്‍ തുടങ്ങിയതോടെ പലരും പരമ്പരാഗതരീതിയില്‍ കടലില്‍ പോകാന്‍ ശ്രമിച്ച് അത് മറ്റ് രീതികളിലുള്ള അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നിർമാണത്തിലെ അശാസ്ത്രീയതയും പദ്ധതി പഠനത്തിലെ പാളിച്ചകളുമാണ് മുതലപ്പൊഴിയെ ഈ ഗതിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.