വേനൽ കടുക്കുന്നു; ദാഹജലത്തിന് ഇനി ആരൊക്കെ തോക്കെടുക്കും
text_fieldsതിരുവനന്തപുരം/ കഴക്കൂട്ടം: ഓരോ വേനൽക്കാലവും കുടിവെള്ളക്ഷാമത്തിനും കൂടിയുള്ളതുകൂടിയാണെന്ന് ഓർമിപ്പിച്ച് തലസ്ഥാനം ദാഹജലത്തിന് കൈനീട്ടിത്തുടങ്ങി. മാർച്ചിൽ വേനൽ കടുക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകുമെന്നാണ് കണക്കുകൂട്ടൽ. ദിവസങ്ങളായി വെള്ളം കിട്ടാത്തതിന്റെ രോഷത്തിൽ വ്യാപാരിയായ യുവാവ് തോക്കുമായെത്തി വെങ്ങാനൂർ സിവിൽ സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയ സംഭവം ഉദാഹരണമാണ്.
കഴക്കൂട്ടം മണ്ഡലത്തിലെ ആറ്റിപ്ര, അരശുംമൂട്, തൃപ്പാദപുരം, മൺവിള എന്നീ സ്ഥലങ്ങളിലാണ് ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. 400 ഓളം കുടുംബങ്ങൾക്ക് രണ്ടാഴ്ചയായി കുടിവെള്ളമില്ല. വാഹനങ്ങളിൽ പോയി കന്നാസുകളിലും പാത്രങ്ങളിലും ശേഖരിച്ചാണ് ദൈനംദിനാവശ്യത്തിന് വെള്ളം കണ്ടെത്തുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് അരശുംമൂട് െറസിഡൻറ്സ് അസോസിയേഷൻ വെള്ളയമ്പലം ജല അതോറിറ്റി ഓഫിസിലേക്ക് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. രാത്രി പത്ത് മണി മുതൽ ആറ് മണി വരെ ആഴ്ചയിൽ മൂന്ന് ദിവസം കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ ചെയ്യാമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വാക്ക് പാലിച്ചില്ലെങ്കിൽ തുടർദിവസങ്ങളിലും ശക്തമായ സമരപരിപാടികളായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ പറഞ്ഞു.
വെങ്ങാനൂരിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് നാളേറെയായി. വേനൽ കടുത്തതോടെ കിണറുകളും നീർച്ചാലുകളും വറ്റിവരണ്ടു. വെങ്ങാനൂർ പഞ്ചായത്തിൽ ഓഫിസ് വാർഡ്, നെല്ലിവിള, വെണ്ണിയൂർ, മാവുവിള, പനങ്ങോട്, അംബേദ്കർ ഗ്രാമം, കല്ലുവെട്ടാൻകുഴി, കടവിൻമൂല, കോവളം, മുട്ടയ്ക്കാട് തുടങ്ങിയ പത്ത് വാർഡുകളിലാണ് ജലക്ഷാമം രൂക്ഷം.
വെണ്ണിയൂരിലെ 100 ഏക്കറോളം കൃഷി കരിഞ്ഞുണങ്ങി. നീർച്ചാലുകൾ വറ്റിയതോടെ പാട്ടത്തിനും കാർഷിക ലോണുമെടുത്ത കർഷകർ പ്രതിസന്ധിയിലാണ്. ഓണം ലക്ഷ്യമിട്ട് നട്ട വാഴകൾ കരിഞ്ഞുണങ്ങി. നെയ്യാർഡാമിൽ നിന്ന് തുറന്നുവിടുന്ന ജലം കനാലിലൂടെ എത്താത്തതാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പമ്പ് ഹൗസിലും ജലനിരപ്പ് താഴ്ന്നതോടെ പമ്പിങ് സമയവും കുറച്ചു.
വിഴിഞ്ഞം തീരദേശത്ത് കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള കോട്ടപ്പുറം, പള്ളിത്തുറ, മതിപ്പുറം, പട്ടാണിക്കോളനി, വലിയപറമ്പ് പ്രദേശങ്ങളിലാണ് ഈ സ്ഥിതി. ഒരു കുടം വെള്ളത്തിന് 10 മുതൽ 15 രൂപ വരെയാണ് നൽകേണ്ടത്.
പന്തലക്കോട് ഭാഗങ്ങളിൽ കിണറുകളിൽപോലും വെള്ളമില്ലാതായതോടെ കുട്ടികളെപ്പോലും സ്കൂളുകളിൽ വിടാൻ കഴിയാത്ത അവസ്ഥയിലാണ് വീട്ടുകാർ. നിരവധി പദ്ധതികളാണ് വെള്ളായണി കായലിനെ ആശ്രയിച്ചുള്ളത്. എന്നാൽ പൈപ്പ് ജലം കൃത്യമായി കിട്ടാത്തതിനുപുറമേ വെള്ളം ഓരും ചളിയും കലർന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.