ടെക്നോപാർക്കിലെ പൊലീസ് സുരക്ഷ പാളുന്നു
text_fieldsകഴക്കൂട്ടം: തലസ്ഥാനത്തെ ഐ.ടി നഗരമായ ടെക്ക്നോപാർക്കിലും പരിസരത്തും പൊലീസ് സുരക്ഷ പാളുന്നു.
കോവിഡിന് മുമ്പ് രാത്രികാലങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷ ക്രമീകരണങ്ങൾ നിർത്തലാക്കിയതോടെയാണ് സ്ത്രീകൾക്കുമേലുള്ള അതിക്രമവും വർധിച്ചത്. രാത്രികാലങ്ങളിലുണ്ടായിരുന്ന ബൈക്ക് പട്രോളിങ്, ഹൈവേ പൊലീസ്, ബൈപാസ് ബീക്കൺ, പിങ്ക് പൊലീസ് എന്നിവ ഏതാണ്ട് അവസാനിച്ചമട്ടിലാണ്.
കോവിഡിന് ശേഷം ടെക്നോപാർക്കിലെ ഏതാനും കമ്പനികൾ പഴയതുപോലെ പ്രവർത്തിക്കാൻ തുടങ്ങിയതിനാൽ രാത്രികാലങ്ങളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിയെടുക്കുകയും തിരികെ പോകുകയും ചെയ്യുന്ന വനിത ജീവനക്കാർ ഏറെയാണ്. ടെക്ക്നോപാർക്കിൽ പ്രീപെയ്ഡ് ഓട്ടോ തുടങ്ങാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും അതും മുന്നോട്ടു പോയില്ല.
ടെക്കികൾ ആശ്രയിക്കുന്ന കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലാകട്ടെ സ്ഥിതിഗതികൾ രൂക്ഷമാണ്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ടെക്ക്നോപാർക്ക് ജീവനക്കാരിക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായി. ഉടൻതന്നെ യുവതി പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. പിറ്റേ ദിവസം രാവിലെ യുവതി തുമ്പ പൊലീസിൽ പരാതി നൽകി. പരാതിയിൽ സ്ത്രീകൾക്കുമേലുള്ള അതിക്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ പിടികൂടാനായില്ല. സമീപത്തെ സി.സി കാമറ ദ്യശ്യങ്ങൾ ശേഖരിച്ച് തുടങ്ങിയതായി തുമ്പ പൊലീസ് പറഞ്ഞു.
ഒരു മാസം മുമ്പാണ് വെളുപ്പിന് 5.30 ഓടെ ടെക്നോപാർക്കിൽ ജോലിക്കെത്തിയ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ആക്രമണം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.